കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ

കുവൈറ്റ്. നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെയുമാണ് നിരക്ക്.

നാലംഗ കുടുംബത്തിനു ദുബായിലേക്ക് 1.6 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് 5000–10,000 രൂപ വരെ കൂടും. ഒരാൾക്ക് 40,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്. ഖത്തറിലേക്ക് 1.5 മുതൽ 4.2 ലക്ഷം രൂപ വരെ. ഒരാൾക്ക് 35,000 രൂപയാണു ടിക്കറ്റ് നിരക്ക്. ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് ഒരാൾക്ക് 35,000 രൂപയും നാലംഗ കുടുംബത്തിനു കുറഞ്ഞത് 1.25 ലക്ഷം രൂപയും നൽകണം. ബഹ്റൈനിലേക്ക് 1.7 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെ. ഒരാൾക്ക് 44,000 രൂപയ്ക്ക് മുകളിലാണു നിരക്ക്. സൗദി തലസ്ഥാനമായ റിയാദിലേക്ക് ഒരാൾക്ക് 50,000 രൂപയും നാലംഗ കുടുംബത്തിന് 1.8 മുതൽ 9.4 ലക്ഷം രൂപ വരെയുമാണ് നിലവിലെ നിരക്ക്.

ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. 4 മണിക്കൂർ യാത്രാ ദൈർഘ്യമുള്ള യുഎഇയിലേക്ക് കണക്ഷൻ വിമാനങ്ങളിൽ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ എന്നതാണു സ്ഥിതി.