മസ്കറ്റ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്വദേശി വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും ഭക്ഷണവും നൽകണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദ് ഉത്തരവിട്ടു.
1400 സ്കൂൾ ബാഗുകൾ വിതരണം ചെയ്തു
സ്വദേശി സ്കൂളുകളിലെ 59,030 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സാമൂഹിക സുരക്ഷ ആവശ്യമായ വിഭാഗത്തിൽപെടുന്ന 24,665 വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 34,365 വിദ്യാർഥികൾക്കും പദ്ധതിയുടെ ആനുകൂല്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ നാലിനാണ് രാജ്യത്തെ സ്വദേശി സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നത്.
പഠനസാമഗ്രികൾ വാങ്ങാനായി അധ്യയനവർഷം തുടങ്ങുമ്പോൾ ഓരോ വിദ്യാർഥിക്കും 25 റിയാൽ വീതം നൽകും. ഭക്ഷണത്തിനായി എല്ലാ മാസവും 11 റിയാൽ വീതം നൽകുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 22 അധ്യയന ദിവസം കണക്കാക്കി ദിവസം 500 ബൈസ വീതം എന്ന തോതിലാണ് ഉച്ചഭക്ഷണത്തിന് വകയിരുത്തിയിരിക്കുന്നത്. രണ്ട് പദ്ധതികൾക്കുമായി ആദ്യഘട്ടമെന്ന നിലയിൽ 40,73,070 റിയാൽ അനുവദിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, മസ്കത്തിലെ ഖുറിയാത്ത് വിലായത്തിൽ അർഹരായ കുട്ടികൾക്ക് 1400 സ്കൂൾ ബാഗുകൾ വിതരണം ചെയ്തതായി ഖുറിയാത് ചാരിറ്റി ടീം അറിയിച്ചു. സകാത് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ബാഗുകൾ വിതരണം ചെയ്തത്.