മസ്കറ്റ്. മയക്കുമരുന്ന് കടത്തിനെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ആഗസ്റ്റിൽ രാജ്യത്തേക്ക് കടത്തിയ 258 കിലോയിലധികം മയക്കുമരുന്നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടിയത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് 18 വിദേശികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 30ന് കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കൈവശംവെച്ചതിന് വിദേശിയെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടി.
അതേ ദിവസം, വൻതോതിൽ മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഏഷ്യക്കാരെ ആർ.ഒ.പി അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സംഘങ്ങളുമായി ചേർന്ന് മയക്കുമരുന്ന് കടത്തിയതിന് ഒരു ഏഷ്യക്കാരനെ ആഗസ്റ്റ് 24ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.പ്രതിയിൽനിന്ന് 43 കിലോയിലധികം ക്രിസ്റ്റൽ മയക്കുമരുന്ന്, 25 കിലോ ഹഷീഷ്, ഓപിയം, ലഹരിവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. 20 കിലോ ക്രിസ്റ്റൽ മയക്കുമരുന്ന് കടത്തിയതിന് ആഗസ്റ്റ് 20ന് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡൻറ് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു.
18ന്, ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് സലാലയിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ, മയക്കുമരുന്ന് കൈവശംവെച്ച നാല് അറബികളെയും ഏഷ്യക്കാരെയും പിടികൂടി. ക്രിസ്റ്റൽ മയക്കുമരുന്നും അഞ്ച് കിലോ ഹഷീഷും കൈവശംവെച്ചതിന് ഏഷ്യൻ സ്വദേശിയെ ആഗസ്റ്റ് 17നും അറസ്റ്റ് ചെയ്തു. 15ന് 18 കിലോ കഞ്ചാവുമായി മറ്റൊരു ഏഷ്യക്കാരനും പിടിയിലായി. 73 കിലോ കഞ്ചാവുമായി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റിലെ ബീച്ചിൽനിന്ന് പിടികൂടി.
ആഗസ്റ്റ് നാലിന് 13 കിലോ ഹഷീഷുമായി രണ്ട് ആഫ്രിക്കൻ പൗരന്മാരെയും വൻതോതിൽ മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ വംശജരെ ആഗസ്റ്റ് മൂന്നിനും പിടികൂടിയിരുന്നു.മയക്കുമരുന്ന് കടത്തുകാരെ കുറിച്ച് അറിയുന്നവർ 1444 എന്ന ഹോട്ട്ലൈനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെയും ആർ.ഒ.പി നടപടി ശക്തമാക്കി. ജൂണിൽ നുഴഞ്ഞുകയറിയ 58 വിദേശ പൗരന്മാരെയാണ് പിടികൂടിയത്.