ജിദ്ദ ∙ സൗദി ടൂറിസം വീസയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്കിയാല് മണിക്കൂറുകള്‍ക്കകം വീസ ലഭിക്കും.
300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകിയാണ് ഗൾഫിലെ വിദേശികൾക്ക് ടൂറിസ്റ്റ് വീസ നേടാനാകുക . ഇൗ വീസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാമെങ്കിലും ഹജ് ചെയ്യാൻ കഴിയില്ല. ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വീസ ഉപയോഗിക്കാവുന്നതാണ്. വിസിറ്റ് സൗദി ഡോട്ട്കോം എന്ന വെബ്സൈറ്റിൽ വീസ പേജ് സന്ദർശിച്ച് വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസ് അടക്കുന്നവർക്ക് ഇ മെയിൽ വഴി ഇ – വീസ ലഭിക്കുമെന്ന് ഡപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ബിൻത് മുഹമ്മദ് അൽസഊദ് രാജകുമാരി പറഞ്ഞു .
സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി
വീസ അപേക്ഷകരുടെ ഗൾഫിലെ താമസ രേഖ അഥവാ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്പോർട്ട് കാലാവധി ആറു മാസത്തിലും കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി എന്നിങ്ങനെ രണ്ടു വിധത്തിലാണ് ടൂറിസം വീസ ലഭിക്കുക.
സിംഗിൾ എൻട്രി വീസയിലൂടെ ഒരു തവണ രാജ്യത്തേക്ക് പ്രവേശിച്ചാൽ കാലാവധി 3 മാസത്തേക്ക് മാത്രമായിരിക്കും. മൾട്ടിപ്പിൾ എൻട്രി വീസയുടെ സാധുത ഒരു വർഷത്തേക്കാണെങ്കിലും, ഒറ്റത്തവണ താമസിക്കുന്ന കാലയളവ് 3 മാസത്തിൽ കൂടരുത്. പതിനെട്ടു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇ വീസ ലഭിക്കാൻ രക്ഷകർത്താവ് ആദ്യം വീസ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുമുണ്ട്. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും കഴിയുന്ന ദശലക്ഷക്കണക്കിന് വിദേശികൾക്ക് സൗദി അറേബ്യ എളുപ്പത്തിൽ സന്ദർശിക്കാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത് .
ബിസിനസ്, ടൂറിസ്റ്റ് വീസകൾ
നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ ബിസിനസ് വിസിറ്റ് വീസയായിരുന്നു മിക്കവരും ആശ്രയിച്ചിരുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിശ്ചിത രേഖകള്‍ സമര്‍പ്പിച്ച് ബിസിനസ്, ടൂറിസ്റ്റ് തുടങ്ങിയ വീസകള്‍ വേഗത്തില്‍ ലഭ്യമാകുന്ന പരിഷ്കാരമാണ് സൗദി ടൂറിസം മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. 2019 ൽ ആണ് സൗദി ടൂറിസ്റ്റ് വീസ അനുവദിക്കാൻ തുടങ്ങിയത് .