റിയാദ്. സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്.
വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഗതാഗത മന്ത്രി ഉൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.