മസ്കറ്റ്.ഫുട്ബോള്‍ ലോകകപ്പിനോടനുനബന്ധിച്ച് ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഒമാനില്‍ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ചു. 60 ദിവസത്തെ കാലാവധിയുള്ള സൗജന്യ വീസയാണു ലഭിക്കുകയെന്നു പാസ്പോര്‍ട്ട് ആന്റ് സിവില്‍ സ്റ്റാറ്റസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ലെഫ്. കേണല്‍ അഹമദ് ബിന്‍ സഈദ് അല്‍ ഗഫ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടുംബാംഗങ്ങളെയും ഇവര്‍ക്കൊപ്പം ഒമാനില്‍ താമസിപ്പിക്കാനാകും. 11 ഗവര്‍ണറേറ്റുകളിലായി 20,000 ഹോട്ടല്‍ മുറികളും 200 റിസോര്‍ട്ടുകളുമാണ് രാജ്യത്ത് ലോകകപ്പ് ഫുട്ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിനായി ഒരുക്കിയിരിക്കുന്നത്. ദോഹയിലേക്ക് ഒമാന്‍ എയറിന്റെ പ്രതിദിന സര്‍വീസുകളുമുണ്ടാകും. ഫുട്ബോള്‍ ആരാധകര്‍ക്കായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഒമാന്‍ കണ്വന്ഷന് ആന്റ് എക്സിബിഷന് സെന്ററിലെ ഒമാന്‍ ഗാര്‍ഡനില്‍ വേള്‍ഡ് കപ്പ് ഫെസ്റ്റിവലും അരങ്ങേറും. 9,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണു ഫെസ്റ്റിവല്‍ ഒരുക്കുന്നത്.