മനാമ: വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂർ സ്വദേശിക്കെതിരെ യുവതിയുടെ പരാതി. തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതി കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബഹ്റൈനിൽ ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദുമത വിശ്വാസിയായിരുന്ന ധനീഷ് 2019 സെപ്റ്റംബറിൽ ബഹ്റൈനിൽ വെച്ച് ഇസ്ലാംമതം സ്വീകരിക്കുകയും തുടർന്ന് യുവതിയുടെ വണ്ടൂരിലെ വീട്ടിൽവെച്ച് ഇസ്ലാം മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.
ധനീഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചത് മറച്ചുവെച്ചാണ് താനുമായി വിവാഹം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണു മുമ്പുനടന്ന കല്യാണത്തെക്കുറിച്ച് യുവതിയോട് പറഞ്ഞത്. വിവാഹത്തിനായി ഇരുവരും ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനുമുമ്പ് ധനീഷും പിതാവും യുവതിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരിച്ചുതരാം എന്നു പറഞ്ഞാണ് തുക ചോദിച്ചത്. യുവതിയും വീട്ടുകാരും ചേർന്ന് ഈ തുക ധനീഷിന് നൽകി. ആദ്യ വിവാഹത്തിന്റെ ബാധ്യത തീർക്കാനായിരുന്നു ഈ തുക ആവശ്യപ്പെട്ടതെന്ന് വിവാഹശേഷമാണ് പറഞ്ഞത്.
അതിനുശേഷം വീണ്ടും രണ്ടുലക്ഷം രൂപ ഇയാൾ യുവതിയിൽനിന്ന് വാങ്ങി. വിവാഹശേഷം ബഹ്റൈനിൽ തിരിച്ചെത്തി. ശേഷം ധനീഷ് നിരന്തരം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പിന്നീട് പലതവണയായി 45 പവനോളം സ്വർണവും 5000 ബഹ്‌റൈൻ ദീനാറും ധനീഷ് വാങ്ങിയെടുത്തതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച കേസ് ബഹ്റൈനിൽ നടക്കുന്നുമുണ്ട്. അതിനിടെ, കഴിഞ്ഞദിവസം നാട്ടിലെത്തിയ ധനീഷ് മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും നീതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.