ദോഹ : നിയമലംഘനങ്ങളെ തുടര്‍ന്ന് ദോഹയിലെ രണ്ട് റിലാക്‌സേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ). ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്.
അല്‍-സലാത്ത ഏരിയയിലെ ‘അല്‍ സൈന്‍ റിലാക്‌സേഷന്‍ സെന്റര്‍’, ഓള്‍ഡ് അല്‍ ഹിത്മി ഏരിയയിലെ ‘വോസ് സ്പാ’ എന്നിവയാണ് അടച്ചുപൂട്ടിയത്. വാണിജ്യ, വ്യാവസായിക, പൊതു കടകള്‍, തെരുവ് കച്ചവടക്കാര്‍ എന്നിവയെ സംബന്ധിച്ച 2015 ലെ നിയമം നമ്പര്‍ (5) ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.
പൊതുവായതും നിര്‍ദ്ദിഷ്ടവുമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ വാണിജ്യപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവ അടച്ച് പൂട്ടാന്‍ നിര്‍ദേശിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.