24 മണിക്കൂറിനിടെ കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങൾ, ദുരൂഹ മരണങ്ങളിൽ അന്വേഷണം

കുവൈറ്റ് സിറ്റി ∙ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി 24 മണിക്കൂറിനുള്ളിൽ മൂന്നു മൃതദേഹങ്ങൾ‍ കണ്ടെത്തി. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർ‍ട്ട് ചെയ്തു.

ഫഹാലീൽ തുറന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി നടന്നു പോവുകയായിരുന്ന വ്യക്തിയാണ് കാറിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. അൽ ഖഹ്റാനിലും ഒരു യുവതിയെയാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് അൽ ദബൈയ്യയിലും അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

മറ്റൊരു സംഭവത്തിൽ സെവൻത്ത് റിങ് റോഡിലുണ്ടായ കാർ അപകടത്തിൽ ഒരു യുവതി മരിക്കുകയും ചെയ്തു. രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.

മഹ്ബുല്ലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിന്റെ നീന്തൽ കുളത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയെന്നും അൽ റായ് റിപ്പോർ‍ട്ട് ചെയ്തു. ഈജിപ്ഷ്യൻ സ്വദേശിയായ ഇദ്ദേഹത്തിന്റെ മൃതദേഹവും ഫൊറൻസിക് പരിശോധിക്കുകയാണ്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് അറിയാൻ സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുകയാണെന്ന് പത്രം റിപ്പോർട്ട് ചെയ്തു.