ബദൽ മരുന്നുകൾ ലഭ്യം

Boby theveril

മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്ററി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ബദൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്.  സ്വകാര്യ ഫാർമസികളിലാണ് മരുന്ന് ക്ഷാമം കൂടുതലും നേരിടുന്നത്.ഫാർമസികളിലെത്തുന്ന രോഗികൾക്ക് പകരം ലഭിക്കുന്ന മരുന്നിനെക്കുറിച്ചുള്ള നിർദേശം ഫാർമസിസ്റ്റുകൾ നൽകുന്നുണ്ട്. പകരം മരുന്നുകൾ ലഭ്യമാകുന്ന ഫാർമസികളുടെ ലിസ്റ്റ് അതോറിറ്ററി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നേരത്തെ അതോറിറ്ററിയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾക്കും ഇറക്കുമതിക്കുള്ള താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്.ഇതര ജി.സി.സി രാജ്യങ്ങളിലോ ഏതെങ്കിലും അന്താരാഷ്ട്ര അതോറിറ്റികളിലോ രജിസ്റ്റർ ചെയ്യ്ത മരുന്നുകൾക്കാണ് താൽക്കാലിക അനുമതി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.