മസ്കത്ത് ∙ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് മുൻപായി ടാക്സി വേയിലേക്കു നീങ്ങുമ്പോൾ മറ്റൊരു വിമാനമാണ് എയർ ഇന്ത്യ വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്നു പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെടുത്തിയതെന്ന് എയർ ഇന്ത്യയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. കോക്പിറ്റിൽ നിന്ന് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ മുൻ കരുതലായി വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തി വയ്ക്കുകയും യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയും ചെയ്തു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നതു തടഞ്ഞതായും എയർ ഇന്ത്യ വിശദീകരിച്ചു.
മസ്കത്ത് എയർപോർട്ട് അധികൃതരുടെ ഭാഗത്തു നിന്നു പൂർണ പിന്തുണ ലഭിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി.യാത്രക്കാരെ യാതൊരു പരുക്കുകളും കൂടാതെ പുറത്തെത്തിക്കാനായി. സംഭവത്തിൽ റഗുലേറ്ററി അതോറിറ്റിയും ഫ്ലൈറ്റ് സേഫ്റ്റി ഡിപാർട്മെന്റും അന്വേഷണം നടത്തുകയാണ്.
141 യാത്രക്കാരുമായി പുറപ്പെടാൻ തയാറായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 442 നമ്പര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. മസ്കത്ത് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ ആയിരുന്നു സംഭവം.
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ രാത്രിയോടെ കൊച്ചിയിലെത്തിക്കും
പുക ഉയർന്നതിനെ മസ്കറ്റിൽ പിടിച്ചിട്ട എയർ ഇന്ത്യ എക്സപ്രസ്സ് വിമാനത്തിലെ യാത്രക്കാരെ ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര ചെയ്യേണ്ട വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടതിനാൽ മുംബൈയിൽ നിന്നും പകരം വിമാനം മസ്കറ്റിലെത്തിച്ച് അതിലാവും യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുക. ഇന്ന് രാത്രി 9.20-ന് വിമാനം മസ്കറ്റിൽ നിന്നും പുറപ്പെടുക.