ദുബായ്: ബിഷപ്പ് പോൾ ഹിൻഡറിന് യാത്രയയപ്പ് നൽകാനും അദ്ദേഹത്തിന്റെ പിൻഗാമിയായി ദക്ഷിണ അറേബ്യയുടെ പുതിയ അപ്പോസ്‌തോലിക് ഇടയൻആയ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ സ്വാഗതം ചെയ്യാനുമുള്ള സർവമത സംഗമം നടന്നു. ഇന്നലെ ജബൽ അലിയിലെ ഗുരു നാനാക് ദർബാർ ഗുരുദ്വാരയിൽ ആയിരുന്നു സർവമത സംഗമം.
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, മേജർ ജനറൽ അഹമ്മദ് അൽ മൻസൂരി, സഹിഷ്ണുതയ്ക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അവാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ദുബായിലെ ലൈസൻസിംഗ്, മോണിറ്ററിംഗ്, ഇൻസ്പെക്ഷൻ ഡയറക്ടർ തലേബ് മുഹമ്മദ് അൽ ദൻഹാനിയും സമീപത്തെ പള്ളികളിൽ നിന്നും ഹിന്ദു ക്ഷേത്രം, സിഖ് സമൂഹം എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം പേരും പരുപാടിയിൽ പങ്കെടുത്തു.
ഇത്തരം മത സൗഹാർദ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സമാധാനവും ഐക്യവും പ്രോത്സാഹിപ്പിച്ചതിന് യുഎഇ സർക്കാരിനെയും ഗുരുനാനാക്ക് ദർബാറിനെയും ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു.
സർവമത സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതിന് ഗുരുദ്വാരയോട് ബിഷപ് ഹിൻഡർ നന്ദി രേഖപ്പെടുത്തുകയും അറബ് മേഖലയിലെ തന്റെ 18 വർഷത്തെ സേവനത്തിനിടയിൽ നൽകിയ എല്ലാ പിന്തുണയ്ക്കും യുഎഇ സർക്കാരിന് നന്ദി പറയുകയും ചെയ്തു.