മസ്കത്ത്. രാജ്യത്ത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ ബിസിനസ് സൗഹൃദ ഗൈഡ് പുറത്തിറക്കി. മന്ത്രാലയം നൽകുന്ന 180 സേവനങ്ങൾ, മന്ത്രാലയത്തിന്റെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന 17 വകുപ്പുകളുടെ കീഴിൽ വരുന്ന സേവനങ്ങളെക്കുറിച്ചും ഗൈഡ് സമഗ്രമായ വിവരങ്ങൾ നൽകും.
ഓരോ സേവനത്തിനുമുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ, ആവശ്യകതകൾ, നിയന്ത്രണങ്ങൾ, ഫയലുകൾ, ഡോക്യുമെന്റുകൾ, സേവനം പൂർത്തിയാക്കാനുള്ള ശരാശരി സമയം, സേവന ഫീസും പേമെന്റ് സംവിധാനവും മറ്റും ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗൈഡ് പുറത്തിറക്കിയത്. ഈ വർഷം ആദ്യം ആരംഭിച്ച ഇലക്ട്രോണിക് കരാർ ഡോക്യുമെന്റേഷൻ സേവനവും യോഗത്തിൽ അവലോകനം ചെയ്തു.
നിക്ഷേപകർക്ക് മന്ത്രാലയ ഓഫിസ് സന്ദർശിക്കാതെ തന്നെ എവിടെനിന്നും ‘ഇൻവെസ്റ്റ് ഈസി’ പോർട്ടലിലൂടെ വിഡിയോ കമ്യൂണിക്കേഷൻ വഴി ഇലക്ട്രോണിക് കോൺട്രാക്ട് ഒപ്പിടുന്നതിലൂടെ ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ് ഈ സേവനം. വാണിജ്യസ്ഥാപനങ്ങൾക്കും കമ്പനികൾക്കും അവരുടെ ഓഹരികൾ വിൽക്കാനോ വാണിജ്യ രജിസ്ട്രിയുടെ ഉടമസ്ഥാവകാശം മറ്റൊരു നിക്ഷേപകന് കൈമാറാനോ പങ്കാളിയെ ചേർക്കാനോ ആഗ്രഹിക്കുന്നവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
നടപടിക്രമങ്ങൾ കൂടുതൽ ലഘൂകരിച്ചതോടെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ കാൾ സെന്ററിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 13,500 ഫോൺ കാളുകളാണ് ലഭിച്ചത്. മന്ത്രാലയത്തിലേക്ക് വരുന്ന കാളുകൾ സ്വീകരിക്കുക, നിക്ഷേപകരുടെയും സേവന ഗുണഭോക്താക്കളുടെയും അന്വേഷണങ്ങൾക്ക് കൃത്യമായ വിവരം നൽകുക, അവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കൃത്യമായി പിന്തുടരുക തുടങ്ങി വിവിധങ്ങളായ ചുമതലകളാണ് കാൾസെന്റർ നിർവഹിക്കുന്നത്.