റിയാദ്: സൗദി അറേബ്യയിലെ അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സൗദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.
പെയിന്റിങ് തൊഴിലാളി, ശുചീകരണ തൊഴിലാളി, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവര്‍, കയറ്റിറക്ക് തൊഴിലാളി, ഹെയര്‍ ഡ്രസ്സര്‍, പ്ലംബര്‍, പ്രത്യേക യോഗ്യതയും സ്പെഷ്യലൈസ്ഡ് സര്‍ട്ടിഫിക്കറ്റുകളും ആവശ്യമുള്ള കളിയുപകരണങ്ങളുടെ ഓപ്പറേറ്റര്‍ എന്നീ തൊഴിലാളികളെയാണ് സൗദിവത്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂനിഫോം ധരിക്കലും തൊഴിലാളികളുടെ ജോലികള്‍ യൂനിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തലും നിര്‍ബന്ധമാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ 70 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ 100 ശതമാനവും സൗദിവത്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിലവില്‍വന്നു