ദുബായ് എക്‌സ്‌പോ പവലിയനുകള്‍ വീണ്ടും സന്ദര്‍ശിക്കാം

ദുബായ്: ദുബായ് എക്‌സ്‌പോ പവലിയനുകള്‍ വീണ്ടും സന്ദര്‍ശിക്കാം. എക്‌സ്‌പോ സിറ്റി സന്ദര്‍ശിക്കുന്നതിനുള്ള 120 ദിര്‍ഹത്തിന്റെ പ്രതിദിന ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു(expo city). ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയ ടിക്കറ്റ് നിലവില്‍ വരിക. ദുബായ് എക്‌സ്‌പോയ്ക്ക് ശേഷം അടച്ചിട്ടിരിക്കുന്ന എക്‌സ്‌പോ സിറ്റി വീണ്ടും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നാലു പവലിയനുകള്‍ സന്ദര്‍ശിക്കാനാണ് ആദ്യ ഘട്ടത്തില്‍ സൗകര്യമൊരുക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ടെറ, ആലിഫ് പവലിയനുകളാണ് പ്രധാനമായും പുതിയ പ്രതിദിന പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാനുക. ഇതിനു പുറമേ പുതിയതായി ആരംഭിക്കുന്ന വിഷന്‍ പവലിയനും വിമന്‍ പവലിയനും ഈ പാസ് ഉപയോഗിച്ച് സന്ദര്‍ശിക്കാം.

12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും സൗജന്യടിക്കറ്റുകള്‍ നല്‍കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പവലിയനുകള്‍ ഈ സന്ദര്‍ശന പാക്കേജിന്റെ ഭാഗമാകും. നിലവില്‍ എക്‌സ്‌പോ സിറ്റിയുടെ ചില മേഖലകളിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നുണ്ട്. ഓരോ പവലിയനും മാത്രമായി പ്രത്യേകം ടിക്കറ്റുകളും ലഭ്യമാണ്. 50 ദിര്‍ഹമായിരിക്കും ഈ ടിക്കറ്റുകള്‍ക്ക് ഈടാക്കുക.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജീവിതമാണ് വിഷന്‍ പവലിയനില്‍ അവതരിപ്പിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും സമത്വത്തിന്റെയും കഥകളാണ് വിമന്‍ പവലിയനിലുള്ളത്. എക്‌സ്‌പോ സിറ്റിയിലെ ഏറ്റവും ശ്രദ്ധേയമായ കൃത്രിമ വെള്ളച്ചാട്ടവും അല്‍വാസല്‍ ഡോമും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും.