ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകൻ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു

ഒമാൻ:ഒമാൻ സർക്കാറിന്‍റെ 10 വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽ നിന്ന് ഗിരീഷ് കുമാർ പിള്ള ഏറ്റുവാങ്ങി. വിസ അനുവദിച്ചുതന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസനക്കുതിപ്പിന് പുത്തൻ ഉണർവേകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഗിരീഷ് കുമാർ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്‍റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ദീർഘകാല വിസക്ക് പരിഗണന നൽകുന്നത് . ഫെസിലിറ്റീസ് മാനേജ്മെന്റിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജി.കെ ഗ്രൂപ്പിന് ഇതിനു പുറമെ കോൺട്രാക്ട് സ്റ്റാഫിങ്, തേർഡ് പാർട്ടി കോൺട്രാക്ട് സർവിസ് ഉൾപ്പെടെ നിരവധി വാണിജ്യ പ്രവർത്തനങ്ങളുണ്ട്. ജി.കെ ഗ്രൂപ്പിന് കീഴിലുള്ള ‘ജി.കെ റിക്രൂട്ടേഴ്സ് എന്ന സ്ഥാപനം ഒമാനിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 2015ൽ കമ്പനി ആരംഭിക്കുമ്പോൾ 50ൽ താഴെ ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനിയായി വളർന്നിട്ടുണ്ട്. ജി.കെ ഗ്രൂപ് ഓപറേഷൻ മാനേജർ ഗോപകുമാർ പിള്ള, അഡ്മിനിസ്ട്രേഷൻ ഹെഡ് മുഹമ്മദ് റയീസ്, സ്പോൺസർ അബ്ബാസ് അൽ ലവാത്തി, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു