സെൻറ്‌. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ. പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും – ഇടവക പെരുന്നാളും

ബഹ്‌റൈൻ : പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഒക്ടോബർ 6 മുതൽ 10 വരെ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. പരിശുദ്ധ കാതോലിക്കയായി ആരോഹണം ചെയ്തതിനു ശേഷമുള്ള പ്രഥമ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്.
മലങ്കര ഓർത്തഡോൿസ് സഭയുടെ മധ്യപൂർവ്വ ദേശത്തെ പ്രഥമ ദേവാലയമാണ് സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവക. ഇടവകയിലേക്ക് എഴുന്നള്ളുന്ന പരിശുദ്ധ തിരുമേനിക്ക് പ്രൗഡഗംഭീരമായ സ്വിയകരണമാണ് ഒരുക്കുന്നത്.
ഒക്ടോബർ 7 വെള്ളിയാഴ്ച്ച ബസേലിയോസ് നഗറിൽ (ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ), സ്വീകരണ ഘോഷയാത്രയും, പൊതു സമ്മേളനവും നടക്കും. ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്‌റൈൻ സോഷ്യൽ ഡെവലൊപ്മെന്റ് മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി നജ്‌വ അൽ ജനാഹി, ദിസ് ഈസ് ബഹ്‌റൈൻ ചെയർ പേഴ്സൺ ബെറ്റ്സി മത്യാസെൻ, എത്യോപ്പ്യൻ ഓർത്തഡോൿസ് ചർച്ച് ആർച്ച് ബിഷപ്പ് അബ്ബാ ദിമിത്രൊസ്‌, മലങ്കര ഓർത്തഡോൿസ് സഭ വൈദീക ട്രസ്റ്റി റവ . ഫാ. ഡോ . വർഗീസ് അമയിൽ, എന്നിവർ വിശിഷ്ടഅതിഥികളായി പങ്കെടുക്കും.
ബഹ്‌റൈനിലെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. പോൾ മാത്യുസ് സഹവികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവൽ പൗലോസ്, സെക്രട്ടറി ബെന്നി വർക്കി, പബ്ലിസിറ്റി കൺവീനർ എബ്രഹാം സാമുവൽ, പ്രോഗ്രാം കൺവീനർ ലെനി പി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർസ് ആയ ബോണി മുളപ്പാം പറമ്പിൽ, സന്തോഷ് മാത്യു എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ സാമൂഹ്യ, സേവന പ്രവർത്തനങ്ങളിൽ പരിശുദ്ധ ബാവായുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇടവക വികാരി ഫാ. പോൾ മാത്യു വിശദികരിച്ചു. ഇടവകയുടെ 64 – മത് പെരുന്നാളിന് പരിശുദ്ധ ബാവ തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഇടവക പുനഃരുദ്ധാന കമ്മിറ്റി അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടത്തും. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവൻഷന്‌ കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓർത്തഡോൿസ് സഭ വൈദീക ട്രസ്റ്റിയുമായ റവ . ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അച്ചൻ നേതൃത്തം നൽകും.ഒക്ടോബർ 9 ഞായറാഴ്ച്ച പരിശുദ്ധ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടത്തപ്പെടും.എല്ലാ മതവിഭാഗങ്ങളും സഹവർത്തിത്തത്തോടുകൂടി പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കുക എന്നതാണ് മലങ്കര ഓർത്തഡോൿസ് സഭയുടെ നയം എന്നും സഭാ ട്രസ്റ്റി റവ . ഫാ. ഡോ. തോമസ് വർഗീസ് അമയിൽ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു .