മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സ്വന്തം തനിമയിൽ നിന്ന് കൊണ്ട് തന്നെ ഇതര മതങ്ങളുമായും സമൂഹങ്ങളുമായും സഹകരണം സാധ്യമാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരമുള്ള സാഹോദര്യവും സ്നേഹവും കൂടുതൽ ആവശ്യമുള്ള ഒരു കാലഘട്ടമാണിത്. മത – ജാതി ചിന്തകൾക്കപ്പുറം മനുഷ്യ നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവര്ക്കും സാധിക്കണം. നീതിയും സ്നേഹവുമാണ് സമൂഹത്തിൽ നിലനിൽക്കേണ്ടത്. അതിനായി കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ ഫ്രന്റ്‌സ് നേതാക്കൾ കത്തോലിക്ക ബാവക്ക് പരിചയപ്പെടുത്തി. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലുമായും അതിന്റെ പ്രവർത്തകരുമായും ഹൃദ്യമായ ബന്ധമാണ് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വെച്ച് പുലർത്തുന്നത്. അസോസിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. എല്ലാ സംഘടനകളും കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും മത നേതാക്കളുമായി സ്‌നേഹപൂർണമായ ബന്ധമാണ് അസോസിയേഷനുള്ളതെന്നും അവർ പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം മുഹമ്മദ് മുഹിയുദ്ധീൻ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു എന്നിവരും ഉണ്ടായിരുന്നു.