“നല്ല വായന”  വായനക്കൂട്ടം രൂപീകരിച്ചു.

മനാമ: പ്രവാസത്തിന്റെ തിരക്കുകളും പരിമിതികൾക്കിടയിൽ ഓരോ പ്രവാസി മലയാളികൾക്കിടയിലും അതിവേഗം വിസ്‌മൃതി യിലായി കൊണ്ടിരിക്കുന്ന വായന ശീലത്തെയും, അതിന്റ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും  നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വായനാശീലം തിരിച്ചു പിടിക്കാനുമായിട്ടുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമായി അൽ ഹിദായ മലയാളം വിഭാഗം അംഗങ്ങൾക്കിടയിൽ രൂപീകരിച്ച “നല്ല വായന “എന്ന വായനക്കൂട്ടത്തിന്റെ ആദ്യയോഗം റയ്യാൻ സെന്ററിൽ വെച്ച് നടന്നു.
സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മാഹി അധ്യക്ഷത വഹിച്ചു.  നമുക്കിടയിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന  വായന ശീലത്തെ എങ്ങിനെ തിരിച്ചു കൊണ്ടുവരാമെന്നും, പുതിയ തലമുറയെ ഗൗരവമായ വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം എങ്ങിനെ നൽകാമെന്നും യോഗം ചർച്ച ചെയ്തു. റയ്യാൻ സെന്റർ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം, പ്രസിഡണ്ട് ഹംസ ആമേത്ത്,  ജനറൽ സെക്രട്ടറി രിസാലുദ്ദീൻ എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു.ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതോടൊപ്പം പുസ്തക വായനയുടെ സൗന്ദര്യം കൂടെ നാമറിയേണ്ടതുണ്ട് എന്നും, നമ്മുടെ പ്രവർത്തകരുടെ എഴുത്തുകൾ ഡിജിറ്റൽ മാഗസിനായി പുറത്തിറക്കുന്നതിലെ സാധ്യതകളും വിശാലമായ കാഴ്ചപ്പാടുകളും ചർച്ചക്ക് വിധേയമായി.അബ്ദുൽ അസീസ് ടിപി, ഹംസ റോയൽ, ബിനു ഇസ്മായിൽ, നഫ്സിൻ, സുആദ് എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.