വീട്ടുപടിക്കലെത്തും ആരോഗ്യസേവനം ;സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്

റാസൽഖൈമ∙ ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കൻ എമിറേറ്റുകളിൽ സഞ്ചരിക്കുന്ന ആശുപത്രി സേവനം ലഭ്യമാക്കുന്നത്.

ബസാണ് അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റിയത്. റിസപ്ഷൻ, കാത്തിരിപ്പു കേന്ദ്രം, പരിശോധന, ചികിത്സ, ടെസ്റ്റ് തുടങ്ങിയവയ്ക്ക് വ്യത്യസ്ത മുറികൾ. പരിചയസമ്പന്നരായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ജനങ്ങൾക്കു മികച്ച ആരോഗ്യ സേവനം ഉറപ്പാക്കും. നഗരകേന്ദ്രീകൃതമായ അത്യാധുനിക ആരോഗ്യ സേവനം ഉൾപ്രദേശങ്ങളിലുള്ളവർക്ക് നഷ്ടമാകുന്നത് നികത്താൻ പദ്ധതി ഉപകരിക്കുമെന്ന് റാക് ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. റസ സിദ്ദീഖി പറഞ്ഞു.

നിസ്സാര പ്രശ്നങ്ങൾക്കു ‍ഡോക്ടറെ കാണിക്കാൻ നഗരത്തിൽ എത്തുന്നവരുടെ സമയ, ധന നഷ്ടം കുറയ്ക്കാനും ഇതുവഴി സാധിക്കും. പരിശോധന മാത്രമല്ല മുറിവ് കെട്ടുക, പ്രതിരോധ കുത്തിവയ്പ് എടുക്കുക, രക്തം, മലം, മൂത്രം പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിക്കുക തുടങ്ങിയവയെല്ലാം ഇതുവഴി സാധിക്കും. എല്ലാ പ്രമുഖ ഇൻഷുറൻസ് കാർഡുകളും സ്വീകരിക്കുമെന്നും പറഞ്ഞു.