മസ്കറ്റ് : കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കുന്നു. പത്ത് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമം നിലവിൽ വന്നിരുന്നു . അത് പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കുട്ടിയ്ക്ക് പത്ത് വയസ് ആയതിനുശേഷമുള്ള ഓരോ മാസത്തിനും പത്ത് റിയാല്‍ വീതം പിഴയാണ് നല്‍കേണ്ടി വരുക .കുട്ടികള്‍ ഒമാനില്‍ ഉണ്ടെങ്കില്‍ മാത്രമേ റെസിഡന്റ് കാര്‍ഡ് എടുക്കാന്‍ കഴിയൂ. രണ്ട് വര്‍ഷത്തേക്ക് 11 റിയാലാണ് റെസിഡന്റ് കാര്‍ഡ് ഫീസ്. ഒമാനില്‍ കുടുംബ വിസയുള്ള പല പ്രവാസികളുടെയും കുടുംബാംഗങ്ങള്‍ ദീര്‍ഘകാലമായി നാട്ടില്‍ കഴിയുന്നുണ്ട്. ഇവര്‍ വിസാ കാലാവധി കഴിയുന്ന സമയത്ത് പുതുക്കാനായി എത്തുമ്പോഴാണ് നേരത്തെ റെസിഡന്റ് കാര്‍ഡ് എടുക്കാത്തതിനുള്ള പിഴ കൂടി അടയ്ക്കേണ്ടി വരുന്നത്.നേരത്തെ 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു റെസിഡന്റ് കാര്‍ഡ് എടുക്കേണ്ടിയിരുന്നത്. ആ സമയത്ത് വിസ പുതുക്കുമ്പോള്‍ കുട്ടികളുടെ പതിനാറാമത്തെ വയസില്‍ റെസിഡന്റ് കാര്‍ഡ് എടുക്കുമ്പോഴും പിഴ ഈടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ 10 വയസായ കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കുകയും കാലതാമസം വരുന്ന ഓരോ മാസത്തിനും അനുസരിച്ച് പിഴ ഈടാക്കുകയും ചെയ്യുന്നു.