അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു. അപകടത്തിൽ മരണസംഖ്യ 80 ആയി . പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് . മച്ഛു നദിയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ് .
വൈകീട്ട് 6.30 നായിരുന്നു അപകടം. പാലം തകര്‍ന്ന് നൂറിലേറെ പേര് പുഴയില്‍ വീണെന്നാണ് വിവരം. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണ്. 143 വർഷമായി നിലനിൽക്കുന്ന പാലം പുനരുദ്ധാരണം നടത്തി തുറന്ന് കൊടുത്ത് അഞ്ച് ദിവസത്തിനകമാണ് അപകടമുണ്ടാകുന്നത് .ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 70 ലേറെ പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു .രാത്രിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. നേതാക്കളോടും പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പി സി സി അധ്യക്ഷൻ ജഗദീഷ് താക്കൂർ നിർദ്ദേശം നൽകിട്ടുണ്ട് . ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ ഡി ആര് എഫിന്റെ മൂന്ന് സംഘങ്ങളാണ് മോർബിയി എത്തുന്നത് .