ബഹ്റൈൻ : രാജ്യത്തു ഹരിത വത്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എന്നും ഹരിതം’ പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു . നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രിക്കൾചറൽ ഡെവലപ്മെന്റിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റിലെയും മുഹറഖ് ഗവർണറേറ്റിലെയും അഞ്ചോളം സ്ഥലങ്ങളിലായി വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു . ഹരിതവത്കരിക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ 25,000 മര ചെടികൾ നടുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസാ ആൽ ഖലീഫ പറഞ്ഞു.ചടങ്ങിൽ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ, പരിസ്ഥിതികാര്യ സുപ്രീം കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ, മുഹറഖ് മുനിസിപ്പൽ ഡയറക്ടർ ഇബ്രാഹിം അൽ ജൗദർ, മുഹറഖ് ഗവർണറേറ്റിലെ സോഷ്യൽ പ്രോഗ്രാം ഡയറക്ടർ അദ്നാൻ അസ്സാദ, ബഹ്റൈൻ ഹോൾഡിങ് കമ്പനി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സാമി സൈനൽ, ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് മസ്ഊദ് ബദ്ർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .