ഷാർജ : ലോകം ഉറ്റുനോക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവുന്നു. വാക്ക് പ്രകാശിക്കട്ടെ എന്ന പ്രമേയത്തിൽ തുടങ്ങുന്ന 41 – ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ 95 രാജ്യങ്ങളിലെ 2213 പ്രസാധകരാണ് എത്തുന്നത്. 57 രാജ്യങ്ങളിലെ എഴുത്തുകാർ ഉൾപ്പെടെ 129 പേർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 15 ലക്ഷത്തിലേറെ ശീർഷകങ്ങളോടെയുള്ള പുസ്തകങ്ങൾ 12 ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കും. 18,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് ഈവർഷത്തെ മേളയൊരുങ്ങുന്നത്. 1047 സാംസ്കാരിക പരിപാടികൾ അരങ്ങേറും. ക്യൂബ, കോസ്റ്ററീക്ക, ലൈബീരിയ, ഫിലിപ്പീൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐസ്ലൻഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രസാധകർ ആദ്യമായി പങ്കെടുക്കുന്ന മേളകൂടിയാണ് ഇത്തവണത്തേത്. 22 കലാകാരന്മാരുടെ 120 – ലേറെ സംഗീതപരിപാടികളും ഉണ്ടായിരിക്കും. ഇറ്റലി ആണ് ഈവർഷത്തെ അതിഥിരാജ്യം.
അന്താരാഷ്ട്രതലത്തിൽ മാതൃഭൂമി ബുക്സ് ഉൾപ്പെടെ 112 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇന്ത്യയാണ് മുന്നിൽ. ഇതിൽ ഏറെയും മലയാളത്തിൽനിന്നാണ്. 61 പ്രസാധകരുമായി യു.കെ. രണ്ടാമതുണ്ട്. 339 പ്രസാധക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ അറബ് പ്രസാധകരുടെ പട്ടികയിൽ വിൽപ്പനയിലും പ്രദർശനത്തിലും മുന്നിലുള്ളത് യു.എ.ഇ. യാണ്. 306 പ്രസാധക സ്ഥാപനങ്ങളുമായി ഈജിപ്ത്, ലെബനൻ-125, സിറിയ-95 എന്നീ രാജ്യങ്ങൾ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്. 1298 അറബ് പ്രസാധകരും 915 അന്താരാഷ്ട്ര പ്രസാധകരുമാണുള്ളത്. കുട്ടികൾക്കായി 623 പരിപാടികളാണ് മേളയിൽ അരങ്ങേറുക. 14 രാജ്യങ്ങളിലെ 45 വിദഗ്ധർ കുട്ടികളുടെ പരിപാടികൾക്ക് നേതൃത്വംനൽകും. കുട്ടികൾക്കായി പ്രത്യേക വായനമുറികളും കളിസ്ഥലങ്ങളും ഒരുക്കിക്കൊണ്ടാണ് മേളയെ വരവേൽക്കുന്നത്. 350-ഓളം മലയാള പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നുണ്ട്.
ഇന്ത്യയടക്കം ഒമ്പതുരാജ്യങ്ങളിലെ എട്ട് ഷെഫുമാർ 30 പാചകപരിപാടികൾക്ക് നേതൃത്വം കൊടുക്കും. ഇന്ത്യയിൽനിന്ന് പാചക വിദഗ്ധൻ വിക്കി റത്നാനി പങ്കെടുക്കും. 16 വിഷയങ്ങളിൽ ശില്പശാലയടക്കം 188 പരിപാടികൾ കുക്കറി കോർണറിൽ ഉണ്ടായിരിക്കും. സാമൂഹിക മാധ്യമങ്ങൾവഴി ഷാർജ പുസ്തകോത്സവത്തിന് കൂടുതൽ പ്രചാരംകൊടുക്കും. അതിന്റെ ഭാഗമായി ഏഴ് രാജ്യങ്ങളിലെ 30 വിദഗ്ധർ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രം 30 ശില്പശാലകൾ സംഘടിപ്പിക്കും. നവംബർ ആറ് , ഏഴ് തീയതികളിലാണ് അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാമത് ദേശീയ ലൈബ്രറി സമ്മേളനം സംഘടിപ്പിക്കുന്നത്. 30 രാജ്യങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കേരളത്തിൽനിന്നുള്ള അതിഥികൾ
കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ ഏഴിന് അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളുടെ സമാഹാരം പ്രകാശിതമാകുന്ന ചടങ്ങിൽ പങ്കെടുക്കും. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് രണ്ടിന് പുസ്തക പ്രകാശനത്തിൽ പങ്കെടുക്കും. നാലപ്പാടം പത്മനാഭൻ മൂന്നുമുതൽ എട്ടുവരെ പങ്കെടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം ആറിന് പങ്കെടുക്കും. അബ്ദുസമദ് സമദാനി, സി.വി. ബാലകൃഷ്ണൻ, ജി.ആർ. ഇന്ദുഗോപൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, രാഷ്ട്രീയനേതാക്കളായ എം.എം. ഹസൻ, സി. ദിവാകരൻ എന്നിവരും എത്തുന്നുണ്ട്. നടൻ ജയസൂര്യ, സംവിധായകൻ പ്രജീഷ് സെൻ എന്നിവർ 10 – ന് വെള്ളം എന്ന തിരക്കഥ പ്രകാശനം ചെയ്യും.
പ്രഭാഷകൻ ജോസഫ് അന്നംകുട്ടി, എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ മേളയുടെ അവസാനദിവസമായ നവംബർ 13 – ന് പങ്കെടുക്കും. നാൽപ്പതാം വാർഷികം ആഘോഷിക്കുന്ന സി.വി. ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയും ഉണ്ടായിരിക്കും. ചടങ്ങിൽ വ്യവസായി ടി.എസ്. കല്യാണരാമൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ. രാജശ്രീ തുടങ്ങിയവരുമെത്തും. ഷാർജ പുസ്തകോത്സവത്തിൽ ആദ്യമായി കേരളത്തിൽനിന്നുള്ള എം.പി. യും രാഷ്ട്രീയ നേതാവുമായ ടി.എൻ.പ്രതാപന് ഷാർജ ഇന്ത്യൻ സ്കൂളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും സമാഹരിച്ച ഒരുലക്ഷത്തിലധികം പുസ്തകങ്ങൾ കൈമാറും.
ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരി റുപ്പി കൗർ, കാർട്ടൂണിസ്റ്റ് ലിങ്കൺ പീയേഴ്സ് , ബ്രിട്ടീഷ് എഴുത്തുകാരൻ പികോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി.ജെ. പാമർ, ഓസ്ട്രേലിയൻ ഫാഷൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ് , ദീപക് ചോപ്ര എന്നിവരും മേളയിലെത്തുന്നുണ്ട്.