മസ്കത്ത്∙കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച “മലയാളപ്പെരുമ 2022′ കലാ സാംസ്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ഗുബ്ര ഇന്ത്യൻ സ്കുൾ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് കുമാർ നിർവഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ച സംഗമത്തിൽ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി.
കവിതാ രചനാ മത്സരത്തിലെ വിജയികളെ കൾച്ചറൽ കോഡിനേറ്റർ രാജൻ കോക്കൂരി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും ട്രഷറർ രവീന്ദ്രൻ മറ്റത്തിൽ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം ശശി തൃക്കരിപ്പൂർ, അനിൽ ജോർജ്, അഡ്വ. പ്രസാദ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ഒമാനിലെ വിവിധ ഇന്ത്യൻ സ്കുളുകളിലെ ഏഴ് കുട്ടികൾ സ്നേഹാക്ഷര ദീപം തെളിയിച്ചു കൊണ്ട് കലാ പരിപാടികൾക്കു തുടക്കം കുറിച്ചു.
മസ്കത്ത് പഞ്ചവാദ്യസംഘം കോഡിനേറ്റർ മനോഹരൻ ഗുരുവായൂരിനെ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബഹുമതിയായി കലാ പുരസ്കാരം നൽകി ആദരിച്ചു. കവിതാ കൂട്ടത്തിനുള്ള സ്നേഹോപഹാരം തിച്ചൂർ സുരേന്ദ്രനും വിനോദ് പെരുവയും ഏറ്റുവാങ്ങി. കവിതാ മത്സര വിജയികളായ ഒന്നാം സ്ഥാനം നേടിയ ഡോ. രാജഗോപാൽ, രണ്ടാം സ്ഥാനം നേടി വിജു വാഴയിൽ മൂന്നാം സ്ഥാനം നേടിയ വേലായുധൻ തിരുവഞ്ചൂർ തുടങ്ങിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കേരളത്തനിമയാർന്ന വിവിധ കലാ പരിപാടികളും മസ്കത്ത് പഞ്ചവാദ്യസംഘം അവതരിപ്പിച്ച ചെണ്ട മേളം, കവിതാകൂട്ടം മസ്കത്ത് വിവിധ കവിതകൾ കോർത്തിണക്കികൊണ്ട് അവതരിപ്പിച്ച കവിതായനം എന്നീ പരിപാടികളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മലയാള പാഠശാല ഡയറക്ടർ ഭാസ്കര പൊതുവാൾ ചടങ്ങിൽ എത്താൻ സാധിക്കാത്തതിനാൽ അദ്ദേഹത്തിനു പ്രഖ്യാപിച്ചിരുന്ന അക്ഷര മധുരം പുരസ്കാരം 25000 രൂപയും ഫലകവും നവംബര് 20ന് പാഠശാലയിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ സമർപ്പിക്കും. കലാ സാംസ്കാരിക പരിപാടികൾ ധന്യ മനോജ് നിയന്ത്രിച്ചു.