ദോഹ∙വൈകുന്നേരമായാൽ ദോഹ കോർണിഷിൽ ഏറ്റവും തിരക്കേറുന്നത് പിക്ചർ സ്‌ക്വയറിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന്റെ മുൻപിൽ തന്നെയാണ്. തൊട്ടപ്പുറത്താണ് ഫ്ലാഗ് പ്ലാസ. ഇവിടെയും തിരക്ക് തന്നെ. അർജന്റീന, ബ്രസീൽ, പോർച്ചുഗീസ് ജഴ്‌സികളണിഞ്ഞ ആരാധകരാണ് കൂടുതൽ. ക്ലോക്കിനു മുൻപിൽ ഇരുന്നും ചെരിഞ്ഞും കിടന്നും സെൽഫിയും ചിത്രങ്ങളുമെടുക്കുന്നവരിൽ കുട്ടികൾ മുതൽ വയോധികർ വരെയുണ്ട്.
ആരാധകരുടെ ആവേശം ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ മാധ്യമ പ്രതിനിധികളും ഏറെ. കോർണിഷിലെ ലോകകപ്പ് ആവേശം തുടങ്ങുന്നത് ഈ കൗണ്ട് ഡൗൺ ക്ലോക്കിന് മുൻപിൽ നിന്നാണ്. ഖത്തറിലെ ഇന്ത്യ ഉൾപ്പെടെ നാൽപതോളം വരുന്ന കമ്യൂണിറ്റികളുടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ സംഗമങ്ങളുടെയും സുപ്രധാന വേദിയാണ് കൗണ്ട് ഡൗൺ ക്ലോക്ക്. ലോകകപ്പിന്റെ ഒരു വർഷ കൗണ്ട് ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ നവംബർ 21നാണ് ഭീമൻ ക്ലോക്ക് സ്ഥാപിച്ചത്.
കനത്ത ചൂടായതിനാൽ വലിയ ഗ്ലാസ് വലയത്തിനുള്ളിൽ ആയിരുന്നു കുറച്ചു നാൾ മുൻപ് വരെ ക്ലോക്ക്.ലോകകപ്പിലേക്കുള്ള ദിനങ്ങൾ ചുരുങ്ങിയതോടെയാണു ഗ്ലാസ് വലയം എടുത്തുമാറ്റിയത്. 100 ദിന കൗണ്ട് ഡൗൺ മുതൽ ദോഹയിലെ കൊച്ചു കുട്ടികൾ മുതലുള്ള ആരാധകരുടെ ഫുട്‌ബോൾ സ്‌നേഹവും ആവേശവുമെല്ലാം കണ്ടും കേട്ടുമാണ് ക്ലോക്കിന്റെ നിൽപ്. ലോകകപ്പിലേക്ക് യോഗ്യരായ ഖത്തറിന്റേത് ഉൾപ്പെടെ 32 രാജ്യങ്ങളുടെയും ദേശീയ പതാകകൾ കൂടി സ്ഥാപിച്ചതോടെയാണ് ക്ലോക്ക് ഏരിയ കൂടുതൽ ‘കളർ’ ആയത്.
പല പോസുകളിലുള്ള ചിത്രങ്ങളെടുത്ത് തിരക്കിട്ടു നിൽക്കുന്നതിനിടയിലാകും കടലിൽ ഒരു സവാരിയായാലോ എന്ന ചോദ്യമെത്തുക. ഒരാൾക്ക് 10 റിയാൽ നൽകിയാൽ ക്ലോക്കിന് മുൻപിലെ കോർണിഷ് കടലിന് നടുവിലൂടെ ചെറു ബോട്ടിൽ പെട്ടെന്നൊരു സവാരി നടത്തി വരാം. ഇവിടുത്തെ ആരാധക തിരക്കേറുമ്പോൾ ബോട്ട് സവാരി സംഘടിപ്പിക്കുന്നവരുടെ പോക്കറ്റും നിറയും.