മനാമ: ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ കലോത്സവത്തിൽ 1756 പോയിന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 1524 പോയിന്റ് നേടിയ വിക്രം സാരാഭായ് ഹൗസാണ് റണ്ണേഴ്സ് അപ്പ്. 1517 പോയിന്റുമായി ജെ.സി.ബോസ് ഹൗസ് മൂന്നാം സ്ഥാനവും 1421 പോയിന്റ് നേടിയ സി.വി.രാമൻ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി. കലാരത്ന പുരസ്കാരം സി.വി രാമൻ ഹൗസിലെ കൃഷ്ണ രാജീവൻ നായർ 66 പോയിന്റോടെ കരസ്ഥമാക്കി.
കലാശ്രീ പുരസ്കാരത്തിനു 53 പോയിന്റോടെ ആര്യഭട്ട ഹൗസിലെ അരുൺ സുരേഷ് അർഹനായി. ഇരുവരും ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
താഴെപ്പറയുന്ന വിദ്യാർത്ഥികൾ വിവിധ തലങ്ങളിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി: അക്ഷയ ബാലഗോപാൽ (ലെവൽ എ – 62 പോയിന്റ്-സി.വി രാമൻ ഹൗസ്), ഇഷിക പ്രദീപ് (ലെവൽ ബി- 50 പോയിന്റ്-സി.വി രാമൻ ഹൗസ്), ശ്രേയ മുരളീധരൻ (ലെവൽ സി -55 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്) , ദീപാൻഷി ഗോപാൽ (ലെവൽ ഡി- 51 പോയിന്റ്-വിക്രം സാരാഭായ് ഹൗസ്).
ഹൗസ് സ്റ്റാർ അവാർഡുകൾക്കു താഴെ പറയുന്നവർ അർഹരായി : ഹിമ അജിത് കുമാർ (സി.വി രാമൻ ഹൗസ് -31 പോയിന്റ്), രുദ്ര രൂപേഷ് അയ്യർ (വിക്രം സാരാഭായ് ഹൗസ്-43 പോയിന്റ്), വിഘ്നേശ്വരി നടരാജൻ (ആര്യഭട്ട ഹൗസ് 48 പോയിന്റ്), ജിയോൺ ബിജു മനക്കൽ (ജെ.സി ബോസ് ഹൗസ് -42 പോയിന്റ്).
തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ലേബർ അഫയേഴ്സ് അഹമ്മദ് ജെ അൽ ഹൈക്കി, വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യുട്ടി ഡയറക്ടർ റീം അൽ സാനെയ്, ശൈഖ അൽ സാബെയി (ഡയറക്ടറേറ്റ് ഓഫ് പ്രൈവറ്റ് എജുക്കേഷൻ) ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,വൈസ് ചെയർമാൻ ജയഫർ മൈദാനി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ പ്രേമലത എൻ.എസ് , അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി,വൈസ് പ്രിൻസിപ്പൽമാർ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി സജി ആന്റണി നന്ദിയും പറഞ്ഞു. സമ്മാനാർഹമായ നാടോടിനൃത്തം, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ് , വെസ്റ്റേൺ ഡാൻസ് തുടങ്ങിയവ അവതരിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് ഹരം പകർന്നു. ദേശീയ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
നവംബർ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയിൽ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. 24ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ,ആവണി,വിഷ്ണു ശിവ,അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ ഉൾപ്പെടും. 25നു ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്കൂളിൽ ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്. സ്കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.