ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന് ഉജ്വല  പര്യവസാനം 

മനാമ: മൂന്നു  വർഷത്തെ ഇടവേളക്ക്  ശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും  വിജയകരമായ പര്യവസാനം.  മെഗാ ഫെയറിന്റെ സമാപനദിവസമായ വെള്ളിയാഴ്ച മേള  ആസ്വദിക്കാൻ അഭൂതപൂർവമായ ജനസഞ്ചയം ഇസ ടൗൺ കാമ്പസിൽ എത്തിയിരുന്നു. സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ളവർ കുടുംബ സമേതം സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയിരുന്നു. ബോളിവുഡ്‌  ഗായിക ഭൂമി ത്രിവേദിയും സംഘവും നയിച്ച   സംഗീത നിശ  അനുഭവവേദ്യമായി. സഹൃദയ സംഘം നാടൻ പാട്ടുകൾ അവതരിപ്പിച്ചു.  ജനകീയ കലാരൂപമായ ഒപ്പനയും റിഫ കാമ്പസ്‌  വിദ്യാർഥികൾ അവതരിപ്പിച്ച ഗോവൻ നൃത്തവും കാണികളെ ഹഠതാകർഷിച്ചു.

ക്യാപിറ്റൽ ഗവർണറേറ്റ്   ഡയറക്ടർ ഓഫ്  ഇൻഫർമേഷൻ ആൻഡ്  ഫോളോ-അപ് യുസഫ്  യാക്കൂബ് ലോറി, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക്  അസൈൻമെന്റ് ആൻഡ് ലീഗൽ അഫയേഴ്‌സ് ഡയറക്ടർ റീം അൽ സാനെയി, സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ്  നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻ.എസ്, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, ഫെയർ ജനറൽ കൺവീനർ ഷാനവാസ് പി.കെ,സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ്  കടക്കൽ, ഫെയർ  കമ്മിറ്റി ഭാരവാഹികൾ  എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ  മെഗാഫെയർ സുവനീറിന്റെ പ്രകാശനം ഫെയർ സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി  നിർവഹിച്ചു. പ്രിൻസ് എസ്  നടരാജൻ അധ്യക്ഷനായിരുന്നു. സ്‌കൂൾ അധ്യാപികമാരായ പ്രജീഷ  ആനന്ദ്, സവിത രാജേഷ്,സുമി മേരി ജോർജ്,അമല കെ.ടി എന്നിവർ അവതാരകരായിരുന്നു.

മെഗാ ഫെയർ വൻ വിജയമാക്കുന്നതിന് പങ്കുവഹിച്ച മന്ത്രാലയങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ,വിദ്യാർഥികൾ,സംഘാടക സമിതി അംഗങ്ങൾ,മാധ്യമ പ്രവർത്തകർ, സ്‌പോൺസർമാർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവക്ക് പ്രിൻസ് നടരാജൻ  നന്ദി പറഞ്ഞു.   സയാനി മോട്ടോഴ്‌സ് അവതരിപ്പിച്ച  മെഗാ  മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ്  പാർട്ണർ സ്റ്റാർ വിഷനായിരുന്നു. ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ റാഫിൾ നറുക്കെടുപ്പ്  വ്യവസായ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നവംബർ 27നു ഞായറാഴ്ച രാവിലെ സ്‌കൂൾ  ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്  സ്കൂൾ അധികൃതർ അറിയിച്ചു.