പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവിനെ ബഹ്‌റൈൻ കേരളീയ സമാജം ആദരിക്കും

ബഹ്‌റൈൻ : പ്രവാസി ഭാരതിയ പുരസ്ക്കാര ജേതാവും ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖനുമായ കെ.ജി.ബാബുരാജനെ, ചെയർമാൻ, ബി കെ ജി ഹോൾഡിങ് ബഹറൈൻ കേരളീയ സമാജം ആദരിക്കുന്നു.വ്യവസായ മേഖലയിൽ ശ്രദ്ധേയമായ വിജയം വരിക്കുകയും ജീവകാരുണ്യ- സാമൂഹിക രംഗങ്ങളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചും ഇന്ത്യൻ സർക്കാർ 2021 ലെ പ്രവാസി ഭാരതിയ പുരസ്ക്കാരം നൽകി കെ ജി ബാബുരാജിനെ ആദരിക്കുകയായിരുന്നു എന്നും ബഹറൈൻ ഇന്ത്യൻ ഡയസ്പോറക്ക് കെ.ജി ബാബു രാജൻ നൽകുന്ന ധാർമ്മികവും സാമ്പത്തീകവുമായ പിന്തുണ പ്രശംസനീയമാണെന്ന് ബഹറൈൻ കേരളീയ സമാജം പി.വി. രാധകൃഷ്ണ പിള്ളയും വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ.ജി. ബാബുരാജനെ അനുമോദിക്കുന്ന ചടങ്ങിനെ വർണ്ണശബളവും അവിസ്മരണിയവുമാക്കാൻ ബഹറൈൻ കേരളീയ സമാജം വലിയ തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ എൻ കെ പ്രേമചന്ദ്രൻ, രമേഷ് ചെന്നിത്തല, ജി.സുധാകരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ അനുമോദന പ്രസംഗം നിർവഹിക്കുമെന്നും തുടർന്ന് നടക്കുന്ന മ്യൂസിക്ക് ഡാൻസ് ഫ്യൂഷൻ ധൂം ധലാക്ക സീസൺ 4 തുടർന്ന് വേദിയിൽ അരങ്ങേറുമെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡിസംബർ 23 വെള്ളിയാഴ്ച്ച സമാജം ജൂബിലി ഹാളിൽ കൃത്യം 6.30 PM പരിപാടികൾ ആരംഭിക്കുന്നതാണ്. തെന്നിന്ത്യയിലെ പ്രമുഖ സിനിമ താരം സ്വസികയുടെ നൃത്ത പ്രകടനം, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോറും കീ ബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രനുമൊപ്പം ബഹറൈനിലെ മുന്നുറിൽപ്പരം കലാകാരൻമാർ അവതരിപ്പിക്കുന്ന നോൺസ് റ്റോപ്പ് എൻ്റെർടെയിൻമെൻ്റ് ഷോ ധും ധലാക്ക സീസൺ 4 നടക്കുന്നതായിരിക്കും. എൻറർടെയിൻമെൻ്റ് വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ധൂം ധലാക്കയുടെ കൺവീനർ ദേവൻ പാലോട് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളുടെ പരിശീലനങ്ങൾ രണ്ട് മാസത്തോളമായി നടന്ന് വരികയാണെന്നും വാർത്താക്കുറിപ്പിൽ പി.വി. രാധാകൃഷ്ണപിള്ളയും വർഗ്ഗീസ് കാരക്കലും അറിയിച്ചു.