ദമാമിലെ അര്‍ജന്‍റീന ഫാന്‍സുകാര്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു

ദമാം: മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കപ്പ് നേടിയെടുത്ത അര്‍ജന്‍റീനിയന്‍ ടീമിന്‌ അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ ജി.സി.സി അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍റെ നേത്യത്വത്തില്‍ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. വേദിയും സദസും നീലകടലായി മാറിയ ആഘോഷ പരിപാടി വിത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ദേയമായി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദമാമിലെ കാല്‍പന്ത് കളി രംഗത്തെ പ്രമുഖരായ റഫീക് കൂട്ടിലങ്ങാടിയും റഷീദ് വേങ്ങരയും ചേര്‍ന്ന് കേക്ക് മുറിച്ചാണ്‌ ആഘോഷ പരിപാടികള്‍ക്ക് തുടക്കം നല്‍കിയത്. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മുജീബ് കളത്തില്‍ ആമുഖമായി സംസാരിച്ചു. ആദ്യ പരാജയത്തില്‍ തളരാതെ ആത്മവിശ്വാസത്തോടെ വിജയം മാത്രം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചതിന്‍റെ നേര്‍ചിത്രമായി അര്‍ജന്‍റീന ടീമിന്‍റെ ലോക കപ്പ് കീരീട വിജയത്തെ  കായിക ചരിത്രത്തിന്‍റെ ഇന്നലകളില്‍ രേഖപ്പെടുത്തുമെന്ന് മുജീബ് കളത്തില്‍ പറഞ്ഞു. ലോക ജനതയുടെ സ്വപ്ന സാക്ഷാല്‍ക്കാരമാണ്‌ അര്‍ജന്‍റീനയുടെ കിരീട വിജയമെന്ന് ജി.സി.സി അര്‍ജന്‍റീന ഫാന്‍സ് കോഡിനേറ്റര്‍ റഫീക് കൂട്ടിലങ്ങാടി പറഞ്ഞു. ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്‍റീന ടീമിന്‍റെ വിജയ കുതിപ്പുകള്‍ ദ്യശ്യവല്‍ക്കരിച്ച ഡോക്യുമെന്‍ററിയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. പ്രമുഖ ഗായകന്‍ ജസീര്‍ കണ്ണൂരിന്‍റെ നേത്യത്വത്തില്‍ മിസ്ബാഹ്, ഫാരിഹ സിയാദ്, സുജീർ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ ഗാനമാലപിച്ചു. റഷീദ് വേങ്ങര, നാസര്‍ വെള്ളിയത്ത്, അസ്സു കോഴിക്കോട്, ശരീഫ് മാണൂര്‍, ഫൈനൂസ് ബദര്‍, ഷാഫി കൊടുവള്ളി, മണി പത്തിരിപ്പാല, സഫ് വാന്‍ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു. പങ്കെടുത്തവര്‍ക്കെല്ലാം നീല നിറം നല്‍കിയ ബിരിയാണിയും പായസവും അനുബന്ധമായി ഒരുക്കിയിരുന്നു.