മത്സ്യബന്ധന ബോട്ടിൽ 103 കിലോ ഹാഷിഷ്; റാക്’ പൊലീസ് പിടികൂടി.

അബുദാബി ∙ മത്സ്യബന്ധന ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 103 കിലോ ഹാഷിഷ് റാസൽഖൈമ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടി. സംഭവത്തിൽ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എമിറേറ്റ്സ് കോസ്റ്റ് ഗാർഡ് കമാൻഡിന്റെ സഹായത്തോടെയാണ് സംഘത്തെ പിടികൂടിയതെന്നു റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.

എമിറേറ്റിന്റെ തീരത്ത് വലിയ ലഹരി ഇടപാടു നടക്കാൻ പോകുന്നുവെന്ന വിവരം ലഭിച്ച ഉടൻ തന്നെ ലഹരി വിരുദ്ധ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചുവെന്നു റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുമൈനി പറഞ്ഞു. പരിശോധനയ്ക്കും അന്വേഷണത്തിനും കോസ്റ്റ് ഗാർഡ് കമാൻഡ് സഹായം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരച്ചിലിനിടെ അസ്വഭാവികമായ രീതിയിൽ മത്സ്യബന്ധന ബോട്ട് കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇതിനുള്ളിൽ നിന്നും 103 കിലോ ഹാഷിഷ് കണ്ടെത്തി. തുടർ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കേസ് കൈമാറി.