കേന്ദ്ര ബഡ്ജറ്റ് – സാധാരക്കാരെയും, പ്രവാസികളെയും വഞ്ചിച്ചു- ഒഐസിസി.

മനാമ : കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച 2023-24 വർഷത്തെ ബഡ്ജറ്റ് രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ട ആളുകളെയും, സാധാരണക്കാരെയും വഞ്ചിച്ചതായി ഒഐസിസി അഭിപ്രായപെട്ടു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന ആളുകൾക്കും നേരിട്ട് ടാക്സ് അടക്കുന്നവർക്കും ചില പ്രയോജനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് വർഷത്തേക്ക് പോകുമ്പോൾ അങ്ങനെയുള്ള ആളുകളുടെ പിന്തുണ ലഭിക്കാൻ ഉള്ള മാർഗം ആയി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി രാജ്യത്തെ ഗ്രാമീണ മേഖലയിലെ ആളുകളുടെ ജീവിത നിലവാരം ഉയർത്തിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൂർണ്ണമായും ഒഴിവാക്കുവാൻ ആണ് കഴിഞ്ഞ നാളുകളിൽ കേന്ദ്ര ഗവണ്മെന്റ് ശ്രമിക്കുന്നത്. കാലത്തിനനുസരിച്ചുകൊണ്ടുള്ള വർദ്ധനവ് വരുത്താതെ, നിലവിൽ കൊടുത്തു കൊണ്ടിരുന്ന തുക പോലും വെട്ടികുറച്ചാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. സാധാരണക്കാരായ കൃഷിക്കാർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികളോ, കർഷകർക്ക് താങ്ങുവില ലഭിക്കുന്നതിന് ഉള്ള നിർദേശങ്ങളോ ഒന്നും കാണുവാൻ സാധിക്കുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ എത്തിയ പ്രവാസികൾക്ക് തൊഴിൽ നൽകുന്നതിന് ഉള്ള പദ്ധതികൾ ഒന്നും കാണുവാൻ സാധിക്കുന്നില്ല.

രാജ്യത്തെ തൊഴിൽഇല്ലായ്മ സ്ഥിരമായി പരിഹരിക്കാൻ ഉള്ള പദ്ധതികൾ ഒന്നും ഇല്ലാത്തത് തൊഴിൽ കാത്തിരിക്കുന്ന യുവജങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കു.
കേരളത്തിന്റെ മുഖ്യമന്ത്രി പലപ്പോഴും പ്രധാനമന്ത്രി യെയും, മറ്റ് മന്ത്രിമാരെയും പലപ്പോഴും സന്ദർശിച്ചു എങ്കിലും കേരളത്തിന്റെ വികസനത്തിന്‌ കാര്യമായ ഒന്നും ലഭിച്ചിട്ടില്ല. വ്യക്തിപരമായ വല്ല സഹായം ലഭിക്കാൻ വേണ്ടിയാണോ മുഖ്യമന്ത്രി ഡൽഹി സന്ദർശനം നടത്തിയത് എന്ന് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപെട്ടു.