ഖത്തർ :സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം

ദോഹ: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ഖത്തറിൽ ആരോഗ്യ ഇൻഷൂറൻസ് നിർബന്ധം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമല്ല.ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഷൂറൻസ് ഇല്ലാത്തവര്‍ക്ക് നില അനുവദിക്കില്ലെന്നതാണ് തീരുമാനം.വിസയെടുക്കുമ്പോള്‍ തന്നെ ഇൻഷൂറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതിന് അനുസരിച്ച് പ്രീമിയം അടയ്ക്കുകയും ചെയ്യണം.50 റിയാല്‍ ആണ് ഒരു മാസത്തേക്ക് ഏറ്റവും കുറഞ്ഞ തുക . അടിയന്തരാവശ്യങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാവുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷൂറൻസ് കമ്പനികളില്‍ നിന്നുള്ള പോളിസികള്‍ക്ക് മാത്രമേ അനുവാദം നൽകുകയുള്ളൂ.