വൻകരകൾ കടന്ന കെഎംസിസി കര സ്പർശം ചരിത്രം കുറിച്ചു

മനാമ: ദേശ/ഭാഷ അതിർത്തികളെ ലംഘിച്ചു കൊണ്ട് മനുഷ്യ സ്നേഹത്തിന്റെ പര്യായമായി കെഎംസിസി ബഹ്‌റൈൻ നടത്തിയ സേവന പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന നിസ്സഹായരെ സഹായിക്കാനുള്ള കെഎംസിസിയുടെ വിളിയാളത്തിന് അത്ഭുത പൂർവ്വമായ പ്രതികരണമാണ് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നിന്ന് ലഭിച്ചത്.തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം കൈകോർത്തപ്പോൾ ബഹറൈനിലും അധികൃതർ ഉണർന്നു പ്രവർത്തിച്ചു. ബഹ്‌റൈൻ ഭരണാധികാരികളിൽ നിന്നും
തുർക്കി/സിറിയൻ എംബസികളിൽ നിന്നും സഹായ അഭ്യർത്ഥന ഉണ്ടായപ്പോൾ രാജ്യത്തെ പ്രബല പ്രവാസി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാരുടെ സംഭാവനകൾ വിലപ്പെട്ടതാണ്. ഇക്കൂട്ടത്തിൽ പ്രത്യേകം എടുത്തു പറയേണ്ടതാണ് മലയാളികളുടെ സാമൂഹിക ബോധം.ദുരിത ബാധിതർക്ക് സഹായം ആവശ്യമുണ്ടെന്ന വാർത്ത അറിഞ്ഞ ഉടനെ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് ജില്ല / ഏരിയ , മണ്ഡലം ഘടകങ്ങൾ മുഖേനയും മനാമ സൂക്/ മനാമ സെൻട്രൽ മാർക്കറ്റ് എന്നീ കമ്മിറ്റികൾ മുഖേനയും സഹായം അഭ്യർത്ഥിച്ചു.
നാൽപത്തി എട്ടു മണിക്കൂർ കൊണ്ട് കെഎംസിസി ആസ്ഥാനത്തേക്ക് ഏതാണ്ട് അരക്കോടി രൂപയുടെ മുല്യമുള്ള സാധന സാമഗ്രികൾ ഒഴുകി എത്തി.
പുതപ്പുകൾ, തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, പാദ രക്ഷകൾ, തലയിണ, കിടക്ക, അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങൾ എന്നിവ കെഎംസിസി പ്രവർത്തകരും വളണ്ടിയർമാരും വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്നു.
പിന്നീട് വേർതിരിച്ചു പേക്ക് ചെയ്ത ശേഷം സാധങ്ങളുടെ വിവരങ്ങൾ അടയാളപ്പെടുത്തി. 8800 കിലോ സാധങ്ങൾ 350 കാർട്ടൂണുകളിൽ സുരക്ഷിതമായി പൊതിഞ്ഞു.രണ്ട് ദിവസങ്ങളായി നേതാക്കളും പ്രവർത്തകരും വിശ്രമമില്ലാതെ രാത്രി വൈകുവോളം പരിശ്രമിച്ചത്തിന്റെ ഫലമായി സാധനങ്ങൾ കൃത്യമായ വിവരങ്ങളോടെ തുർക്കി സിറിയൻ എമ്പസികളിൽ എത്തിക്കാൻ കഴിഞ്ഞു.ആക്റ്റിംഗ് പ്രസിഡന്റ് എ. പി ഫൈസലിന്റെയും ആക്റ്റിംഗ് ജനറൽ സെക്രട്ടറി കെ. പി. മുസ്തഫയുടെയും ട്രഷറർ റസാഖ് മൂഴിക്കലിന്റെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായശംസുദ്ധീൻ വെള്ളികുളങ്ങര, കെ. കെ. സി. മുനീർ, റഫീഖ് തോട്ടക്കര, ഷരീഫ് വില്ലിയപ്പള്ളി, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ ചേർന്ന് തുർക്കി അംബാസിഡർ എസിൻ കേക്കിൽ,
സിറിയൻ അംബാസിഡർ മുഹമ്മദ്‌ അലി ഇബ്രാഹിം എന്നിവരെ ഏല്പിച്ചു.
കെഎംസിസി ജില്ല / ഏരിയ/മണ്ഡലം ഭാരവാഹികളും വളണ്ടിയർമാരും ചടങ്ങിൽ സംബന്ധിച്ചു. സന്നദ്ധ സേവനങ്ങൾ ഉൾപ്പെടെ ഏത് സഹായവും ഭാവിയിലും കെഎംസിസി നേതാക്കൾ ഇരു രാജ്യങ്ങളുടെയും അംബാസിഡർമാർക്കും അധികൃതർക്കും വാഗ്ദാനം ചെയ്തു.കെഎംസിസി ചെയ്യുന്ന അതിരുകളില്ലാത്ത ഇത്തരം സേവന പ്രവർത്തനങ്ങൾ സംഘടനയുടെ വിശാലമായ മാനവിക ബോധത്തിന്റെ മകുടോദാഹരണം ആണെന്ന് അംബാസിഡർമാർ പ്രശംസിച്ചു.