ഐ ഫോൺ സുരക്ഷ : മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗം

ഖത്തർ : ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി. അപകടകരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത് . ഇത്തരം സുരക്ഷാ പഴുതുകള്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആപ്പിള്‍ കമ്പനി തന്നെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 16.3.0, ഐപാഡ് ടാബ്ലറ്റുകളിലെ ഐപാഡ് ഓഎസ് 16.3.0, മാക് ബുക്കുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ മാക്ഓഎസ് വെന്റുറ 13.2.0 എന്നിവയിലാണ് അപകടകരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു . ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉപകരണങ്ങളുടെ നിയന്ത്രണം നഷ്ടമാവാനും അതുമൂലമുള്ള മറ്റ് അപകടങ്ങള്‍ക്കും കാരണമാവും. അതുകൊണ്ടുതന്നെ സാധ്യമാവുന്ന ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഉപയോക്താക്കള്‍ തങ്ങളുടെ ഐഫോണുകളിലെയും ഐപാഡുകളിലെയും മാക് ബുക്ക് കംപ്യൂട്ടറുകളിലെയും ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു