സന്ദർശന വിസയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സൗദി അറേബ്യ

ദമ്മാം : ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് എല്ലാവര്ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി . അതോടൊപ്പം വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ ജോലി മാനദണ്ഡമാക്കില്ല.ഒറ്റത്തവണ എൻട്രി ടൂറിസ്റ്റ് വിസ അനുവദിച്ച തീയതി മുതൽ മൂന്ന് മാസത്തേക്ക് കാലാവധി ഉണ്ടായിരിക്കും . ഇത്തരം വിസയിൽ താമസ കാലയളവ് 30 ദിവസവും സന്ദർശകർക്ക് 90 ദിവസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കാനും കഴിയും. ഈ പെർമിറ്റിന് കാലാവധി ഒരു വർഷമായിരിക്കും . https://visa.mofa.gov.sa/ എന്ന വെബ്സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷ നൽകേണ്ടത് . ഇത്തരം വിസയിൽ എത്തുന്നവർക്ക് ഹജ്ജ് ചെയ്യുന്നതിനോ ഹജ്ജ് കർമങ്ങളുടെ ദിനങ്ങളിൽ ഉംറ നിർവഹിക്കുന്നതിനോ അനുമതിയില്ല എന്നാൽ ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുവാദമുണ്ടാവും. ടൂറിസവുമായി ബന്ധപ്പെട്ട ഇവന്റുകൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനും ഈ വിസക്കാർക്കു അനുവദനീയമാണ് . അപേക്ഷകന്റെ പാസ്‌പോർട്ടിന് ആറ് മാസത്തേയും റസിഡൻസി ഐഡിക്ക് മൂന്ന് മാസത്തേയും കാലാവധി ഉണ്ടായിരിക്കണം. 300 സൗദി റിയാലാണ് വിസാ ഫീസായി ഈടാക്കുന്നത് . വിസ ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.18 വയസ് പൂർത്തിയായവർക്കു മാത്രമേ വിസക്ക് അപേക്ഷ നൽകുവാൻ സാധിക്കു . എന്നാൽ കുട്ടികൾക്ക് രക്ഷിതാക്കളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.