വിഷു ദിനം ആചരിച്ച് പ്ലഷർ റൈഡേഴ്‌സ് .

മനാമ : ഈ വർഷത്തെ വിഷുദിനം തനതു കേരള ശൈലിയിൽ വസ്ത്രധാരണം ചെയ്ത് ബഹറിനിലെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ ഓടിച്ച് ആചരിച്ച് ബഹറിനിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലഷർ റൈഡേഴ്‌സ് ഗ്രൂപ്പ് . പുണ്യമാസമായ റമദാനിൽ തന്നെ ഈ വർഷത്തെ വിഷു എന്നത് വളരെ പ്രത്യേകതയുള്ളതാണെന്ന് ഗ്രൂപ്പിലെ അംഗങ്ങൾ കാണുന്നു. അതി രാവിലെ ബഹറിനിലെ അധാരി പാർക്കിനു സമീപത്തു നിന്ന് പുറപ്പെട്ട റൈഡ് ഖമീസ് വഴി സൽമാനിയയിൽ എത്തി അവിടെ നിന്ന് ഗുദൈബിയ വഴി മനാമയിൽ എത്തുകയും തുടർന്ന് മുഹറഖ്, അറാദ്, അംവാജ് ഐലൻഡ് കടന്നു ദിയാർ അൽ മുഹറഖ് എത്തി വിശ്രമിക്കുകയും ചെയ്തു. തനതു കേരളീയ വസ്ത്രമായ മുണ്ടും ഷർട്ടും ആണ് റൈഡർമാർ അണിഞ്ഞിരുന്നത്. അതേ സമയം പുരുഷ റൈഡർമാരെ പിന്തുണച്ചു കൊണ്ട് കേരള രീതിയിൽ സൽവാർ അണിഞ്ഞാണ് ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ റൈഡിനു പങ്കെടുത്തത്. കേരളത്തിലെ വിഷു പരിപാടികളെ അനുസ്മരിപ്പിച്ചു കൊണ്ട് അംഗങ്ങൾ തനതു കേരള ശൈലിയിലുള്ള വിഷു പാട്ടുകൾ പാടുകയും വിഷു കളികൾ നടത്തുകയും ചെയ്തു.