മനാമ:സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ആഗോളതലത്തിൽ പ്രവാസി സമൂഹത്തിൽ നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന”വിശ്വമലയാളം ” എന്ന സമ്പൂർണ്ണ മാതൃഭാഷാ സാക്ഷരതാ ദൗത്യത്തിന് മുന്നോടിയായി ബഹ്റൈനിലെ ലോക കേരള സഭാംഗങ്ങളെയും മലയാളി സംഘടനാ ഭാരവാഹികളെയും ഭാഷാ പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നടന്നു.മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ബഹ്റൈൻ കേരളീയ സമാജത്തിൻ നടന്ന യോഗത്തിൻ ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറോളം പേർ പങ്കെടുത്തു.മെയ് 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന വിശ്വമലയാളത്തിൻ്റെ ആഗോളതല ഉദ്ഘാടനവും തുടർന്നു നടക്കുന്ന മാതൃഭാഷ സാക്ഷരതായജ്ഞവും വിജയകരമായി നടത്തുന്നതിന് ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാൻ സംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.ലോക കേരള സഭാംഗവും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ജനറൽ കൗൺസിൽ അംഗവുമായ സി.വി.നാരായണൻ, ലോക കേരള സഭാംഗമായ ഫ്രാൻസിസ് കൈതാരത്ത് , വിവിധ സംഘടനാ പ്രതിനിധികളായ പ്രദീപ് പതേരി, വി.ആർ.സജീവൻ, എ.എം, ഷാനവാസ്, രഞ്ചു വർക്കല,അജിത് പ്രസാദ്, റഫീക്ക് അബ്ബാസ് തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയും സന്നിഹിതരായിരുന്ന യോഗത്തിൽ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു.എം.സതീഷ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രജിത അനി നന്ദിയും പറഞ്ഞു.വിശ്വമലയാളത്തിൻ്റെ ആഗോളതല ഉദ്ഘാടനവും 2003-24 അധ്യയന വർഷത്തെ ബഹ്റൈൻ ചാപ്റ്റർ പ്രവേശനോത്സവവും മെയ് 12 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട എന്നിവർ സംബന്ധിക്കും കൂടുതൽ വിവരങ്ങൾക്ക് 36045442,3804 4694.