ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്​ (ഐ.സി.എഫ്​) തുടക്കം കുറിച്ചു

മസ്കത്ത്​: ഒമാനിലെ പ്രവാസി സമൂഹത്തിന്​ മനസ്സിൽ എന്നും ഓർമ്മിക്കാൻ മഹാമേളയുടെ കൂട്ടായ്മ ഒരുക്കി ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്​ (ഐ.സി.എഫ്​) ആയിരങ്ങളെ സാക്ഷി നിർത്തി തുടക്കം. ഇന്ത്യൻ സോഷ്യൽ ക്ലബ്​ കേരളവിങ്ങിന്‍റെ ആഭിമുഖ്യത്തിൽ രണ്ട്​ ദിവസങ്ങളിലായി മസ്കത്തിലെ അമീറാത് പാർക്കിൽ നടക്കുന്ന ആഘോഷ പരിപാടി മുൻ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്​ഘാടനം ചെയ്തു. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന മുദ്രാവാഖ്യം മുന്നിൽ വെച്ചാണ്ഈ വർഷത്തെ ഫെസ്റ്റിവൽ നടക്കുന്നത്. സ്വദേശികളും വിദേശികളുമുൾപ്പെടെ വൻ ജനാവലി തടിച്ച്​ കൂടിയ പ്രൗഢഗംഭീരമായ ചടങ്ങിൽ സംഘാടന സമിതി ചെയർമാൻ വിൽസൺ ജോർജ്​ അധ്യക്ഷതവഹിച്ചു. സിനിമ നടൻ പി.പി.കുഞ്ഞി കൃഷ്ണൻ, ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, ഒമാനി പൗര പ്രമുഖരായ ഗാലിബ്​ സഈദ്​ അലി അൽ ഹർത്തി, ബദർ അൽ ഹിനായ്​, ഇന്ത്യൻ സോഷ്യൽ ക്ലബ്​ ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്​ കേരളവിങ്ങ്​ കൺവീനർ സന്തോഷ്​ കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ കെ കെ ശൈലജ ടീച്ചറെ ഉപഹാരം നൽകി ആദരിച്ചുമഹാ മേളയുടെ പ്രയോജകരെ ഉപഹാരം നൽകി ആദരിച്ചു.
ഒമാനിലെ പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലാ-സാംസ്കാരിക സംഗമം ആറ് വർഷത്തെ ഇടവേളക്ക്​ ശേഷമാണ് വീണ്ടും എത്തുന്നത്. അതുകൊണ്ടുന്നെ വളരെ ആവേശത്തോടെയാണ്​ പ്രവാസി സമൂഹം പരിപാടിയെ വര​വേറ്റത്​.വൈകീട്ട് നാലുമണിയോടെ അമീറാത് പാർക്കിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടർന്നിരുന്നു.കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ നടക്കുന്ന ഉത്സവ പരിപാടിക്ക്​ സമാനമായിരുന്നു ആഘോഷങ്ങൾ. കേളികൊട്ടോടെ യാണ്​ ഐ.സി.എഫിന്‍റെ കലാപരിപാടിക്ക്​ തുടക്കമായത്​​. പഞ്ചവാദ്യം, ഘോഷയാത്ര, കേരളവിങ്ങിലെ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം, സ്ത്രീ ശാക്​തീകരത്തിന്‍റെ സന്ദേശങ്ങൾ പകർന്ന്​ ‘സഖി’യുടെ നൃത്തം, തൃശുർ ജനനയന ട്രൂപ്പിന്‍റെ മണിപ്പൂരി ഡാൻസ്​, കളരിപയറ്റ്​, ദ​ഫ്​മുട്ട്​ തുടങ്ങിയ കലാ പരിപാടികൾ ആദ്യദിനത്തെ ധന്യമാക്കി.ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി വ്യാവസായിക വിപ്ലവം 4.0, പരിസ്ഥിതി ശാസ്ത്രം റിന്യൂവബിൾ എനർജി എന്നിങ്ങനെ മൂന്ന് വിഷയങ്ങളിലായാണ് പ്രദർനം ഒരുക്കിയിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വിദഗ്ധർ അടങ്ങിയ ജൂറിയാണ് പ്രദർശനം വിലയിരുത്തുന്നത്. ഇത്തവണത്തെ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ശാസ്ത്ര പ്രചാരകനായ ഡോ. വൈശാഖൻ തമ്പി നാട്ടിൽനിന്നും എത്തുന്നത്​ മേളയുടെ മാറ്റ് കൂട്ടും. ഇരുനൂറിലധികം എൻട്രികളിൽ നിന്നും തിരെഞ്ഞെടുത്ത 30 പ്രൊജക്​റ്റുകളാണ് ഇത്തവണ മത്സരത്തിനായി പ്രദർശിപ്പിക്കുന്നത്. പരിപാടിക്ക് പ്രവേശനം സൗജന്യമാണ്​. ഒമാനിലെ പ്രമുഖ ​ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് മുഖ്യ പ്രായോജകർ.