ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു

മനാമ:ഇന്ത്യൻ സ്‌കൂളിൽ നാഷണൽ സയൻസ് ആന്റ് ടെക്‌നോളജി ദിനത്തിന്റെ ഭാഗമായി  പത്തൊമ്പതാമത്‌ വാർഷിക ടെക്‌നോഫെസ്റ്റ് സംഘടിപ്പിച്ചു. ഇസ  ടൗൺ കാമ്പസിൽ  നടന്ന പരിപാടിയിൽ 6 മുതൽ 12 വരെ ക്‌ളാസുകളിലെ  വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ ഏഴ് സിബിഎസ്ഇ  സ്‌കൂളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു. ‘സൈബർ സുരക്ഷ’ എന്ന വിഷയത്തിൽ സിമ്പോസിയം, ഓൺ ദി സ്പോട്ട് മോഡൽ നിർമ്മാണ മത്സരം, സയൻസ് ആൻഡ് ടെക്നോളജി ക്വിസ് എന്നിവയിൽ വിവിധ സ്‌കൂളുകൾ പങ്കെടുത്തു. 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ ഡിസ്‌പ്ലേ ബോർഡ് മത്സരം,  9 മുതൽ 12 വരെ ക്‌ളാസുകളിലെ  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,  9 നും 10 നും വേണ്ടി വർക്കിംഗ് മോഡൽ നിർമ്മാണ മത്സരം എന്നിവയും നടന്നു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും വർക്കിംഗ് മോഡൽ നിർമ്മാണ മത്സരവും ഈ വർഷത്തെ പുതിയ ഇനങ്ങളായിരുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ ധാരാളം വിദ്യാർത്ഥികൾ ഈ പരിപാടികളിൽ  ആവേശത്തോടെ   പങ്കെടുത്തു.

പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, വകുപ്പ് മേധാവികൾ , പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു.  വിജയികളായവർക്ക്  അവാർഡുകളും വിധികർത്താക്കൾക്ക്  മെമന്റോകളും  സമ്മാനിച്ചു.   സയൻസ് ഫാക്കൽറ്റി അംഗങ്ങളുടെ  മേൽനോട്ടത്തിൽ  മുഴുവൻ പരിപാടികൾക്കും നേതൃത്വം നൽകാൻ ഇന്ത്യൻ സ്‌കൂൾ  വിദ്യാർത്ഥികൾ മുൻപന്തിയിലായിരുന്നു.
മത്സര ഫലങ്ങൾ ചുവടെ:  സിമ്പോസിയം (ക്ലാസ്സുകൾ XI & XII) – 1. ഇന്ത്യൻ സ്കൂൾ, 2. ന്യൂ മില്ലേനിയം സ്കൂൾ, 3. ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ. ഓൺ ദി സ്പോട്ട് മോഡൽ മത്സരം:(ക്ലാസ്സുകൾ IX & X) -1.ഇന്ത്യൻ സ്കൂൾ, 2.ന്യൂ മില്ലേനിയം സ്കൂൾ, 3.ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ.  സയൻസ് ക്വിസ് മത്സരം (ക്ലാസുകൾ IX & X ) – 1.ന്യൂ മില്ലേനിയം സ്കൂൾ, 2.ന്യൂ ഇന്ത്യൻ സ്കൂൾ, 3.ബഹ്റൈൻ ഇന്ത്യൻ സ്കൂൾ. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിജയികളെ അഭിനന്ദിച്ചു.