ഒമാൻ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനം ഇന്ന് പൂർത്തിയാകും.. സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മള വരവേൽപ്പാണ് അധികൃതർ നൽകിയത്. തെഹ്റാനിലെ സാദാബാദ് പാലസിന്റെ പ്രസിഡൻഷ്യൽ മന്ദിരത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസി വരവേറ്റു. സുൽത്താനും പ്രതിനിധി സംഘത്തിനും പ്രസിഡന്റ് ആശംസകളും നേർന്നു. ഇറാൻ പ്രസിഡന്റിനൊപ്പം സുൽത്താൻ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. പരസ്പര താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനും ഉള്ള വഴികൾ ചർച്ച ആയി . സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പുവെക്കും. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി തുടങ്ങി പ്രമുഖർ സുൽത്താനെ അനുഗമിക്കുന്നുണ്ട്.