ദുബായ്: അറ്റ്ലാൻറിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിൻറെ അവശിഷ്ടങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുമ്പോൾ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങാൻ എമിറേറ്റിലെ ജനങ്ങൾ പ്രാർഥിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയര്മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഓഷ്യൻ ഗേറ്റ് സമുദ്രപേടകത്തിലെ യാത്രക്കാരെ രക്ഷിക്കാൻ തിരച്ചിൽ സംഘങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. ദുബായിൽ താമസിക്കുന്ന ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാൻ ശതകോടീശ്വരൻ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, പേടകത്തിൻറെ ക്യാപ്റ്റൻ പോൾ ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് ഇതിലുള്ളത്. ഇവരെല്ലാം സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതായി ഷെയ്ഖ് ഹംദാൻ ചൊവ്വാഴ്ച വൈകിട്ട് ട്വിറ്ററിൽ കുറിച്ചു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് തീരത്ത് നിന്ന് 700 കിലോമീറ്റർ അകലെയാണ് ടൈറ്റാനിക് അവശിഷ്ടം സ്ഥിതി ചെയ്യുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരെ കൊണ്ടുപോകുന്നതിനിടെയാണ് ടൈറ്റൻ കാണാതായത്. മുങ്ങിക്കപ്പലിൽ ഏകദേശം 40 മണിക്കൂർ നേരത്തേയ്ക്കുള്ള വായു ശേഷിക്കുന്നു. അഞ്ച് പേരുള്ള ചെറുകപ്പലിനായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.