ജനകീയതയുടെ മുഖമായിരുന്നു ഉമ്മൻ‌ചാണ്ടി; ബഹ്‌റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി 

ബഹ്‌റൈൻ : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രതിഭ അനുശോചനം രേഖപ്പെടുത്തി .കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻചാണ്ടിയുടെ മെയ്‌വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ലീഡർ കെ കരുണാകരനും എ കെ ആന്റണിക്കും ചുറ്റിലുമായി കറങ്ങി നിൽക്കുമ്പോഴും, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൻറെയും കേരളത്തിൻറെയും രാഷ്ട്രീയ ചരിത്ര നിർമ്മിതിയ്ക്കു നിദാനമായത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. തുടർച്ചയായി 50 വർഷം ഒരേമണ്ഡലത്തിൽ നിന്നുമുള്ള നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോടുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിൻറെ കൂടി ദൃഷ്ടാന്തമാണ്.കേരള രാഷ്ട്രീയത്തിൻറെയും ഭരണത്തിൻറെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവ് ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുന്നതുമായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ ജോയ് വെട്ടിയാടൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.