ദുബായ്:ട്രാഫിക് പിഴയുണ്ടെന്നും പറഞ്ഞുള്ള ഇ മെയിൽ സൈബർ തട്ടിപ്പിന്റെ പുതിയ രീതി

ദുബായ് : ട്രാഫിക് പിഴയുണ്ടെന്നും നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍ നൽകി സൈബർ തട്ടിപ്പ്. ദുബായ് പോലീസാണെന്ന വ്യാജേന ഔദ്യോഗിക ലോഗോയ്ക്ക് സമാനമായ ലോഗോയും മറ്റും ഉപയോഗിച്ചാണ് സൈബര്‍ തട്ടിപ്പുകാര്‍ ഇമെയില്‍ അയയ്ക്കുന്നത്. ഇമെയിലില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ദുബായ് പോലീസിന്റേതിന് സമാനമായ ഒരു വെബ്‌സൈറ്റ് തുറക്കുന്നു. ഇതില്‍ വ്യക്തിഗത വിവരങ്ങളാണ് ചോദിച്ചിട്ടുള്ളത്. പിഴ അടയ്ക്കുന്നതിനായി ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ചോദിക്കും. ഇമെയില്‍ ലഭിച്ചിട്ടും പ്രതികരിക്കാത്തവര്‍ക്ക് അവസാന ഓര്‍മ്മപ്പെടുത്തല്‍ എന്നുള്ള രീതിയില്‍ മറ്റൊരു മെയില്‍ കൂടി അയയ്ക്കും. ഏഴു ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന മെയിലാണിത്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് പോലീസ്.വാഹനമോ ലൈസെൻസോ ഇല്ലാത്തവർക്കുപോലും ഇത്തരത്തിൽ മെയിൽ ലഭിച്ചിട്ടുണ്ട്. ദുബായ് പോലീസിന്റേതെന്ന തരത്തില്‍ വരുന്ന മെയിലുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണമെന്നും തട്ടിപ്പില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.