യു എ ഇ : താമസവിസ/ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ

ദുബായ് : താമസവിസയില്‍ വ്യക്തിവിവരങ്ങള്‍ ഓണ്‍ലൈനായി മാറ്റം വരുത്താന്‍ സൗകര്യം ഒരുക്കി അധികൃതർ . യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത് .വ്യക്തി വിവരം, ജോലി, പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരം, ദേശീയത സംബന്ധിച്ച വിവരങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം. മാറ്റം വരുത്തി കഴിഞ്ഞാല്‍ അതുപയോഗിച്ച് എമിറേറ്റ്‌സ് ഐഡി പുതുക്കാനുള്ള അപേക്ഷ സൈറ്റില്‍ ലഭ്യമാകും. ഫെഡറല്‍ അതോറിറ്റിയുടെ സ്മാര്‍ട്ട് വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് താമസ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താനാകും. അതോറിറ്റിയുടെ വെബ്‌സൈറ്റായ വഴിയോ സ്മാര്‍ട് ആപ്ലിക്കേഷനിലോ ഇതിനുള്ള സൗകര്യഒരുക്കിയിട്ടുണ്ട് . കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിവരങ്ങളില്‍ മാറ്റം വരുത്താന്‍ സ്‌പോണ്‍സര്‍ ഒപ്പിട്ടു നല്‍കിയ അപേക്ഷ, എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ് എന്നിവയാണ് രേഖകൾ ആയി സമർപ്പിക്കേണ്ടത് .200 ദിര്‍ഹമാണ് ഈ സേവനത്തിനുള്ള അപേക്ഷ ഫീസ്. ഇതില്‍ 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസിനും 50 ദിര്‍ഹം ആപ്ലിക്കേഷനും 50 ദിര്‍ഹം ഇ-സേവനങ്ങള്‍ക്കും ഫെഡറല്‍ അതോറിറ്റി ഫീസുമാണ്. അതേസമയം പൂര്‍ണമായ രേഖകളോ വിവരങ്ങളോ നല്‍കാത്ത അപേക്ഷകള്‍ 30 ദിവസത്തിന് ശേഷം നിരസിക്കും. ഇത്തരത്തില്‍ ഒരേ കാരണം മൂന്ന് തവണ ആവര്‍ത്തിച്ചാലും അപേക്ഷ റദ്ദാകും. അപേക്ഷ റദ്ദായാല്‍ അപേക്ഷാ തീയതിയ്ക്ക് ആറുമാസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കുന്നതാണ്. എന്നാൽ വിസാ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് താമസിച്ചാല്‍ ഈടാക്കുന്ന പിഴ ഏകീകരിച്ചതായി യുഎഇ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്ഷിപ്പ്, കസ്റ്റംസ്, പോര്‍ട്‌സ് സെക്യൂരിറ്റിയുമായി സഹകരിച്ചാണ് പ്രഖ്യാപനം നടത്തിയത്. കാലാവധി കഴിഞ്ഞ താമസ, വിസിറ്റ് വിസകള്‍ക്കുള്ള ഓവര്‍സ്‌റ്റേയിങ് കാലയളവിലേക്കാണ് പുതിയ ഏകീകൃത പിഴ ഘടന പ്രഖ്യാപിച്ചത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിസാ കാലാവധിയോ വിസ പുതുക്കാന്‍ അനുവദിച്ച ഗ്രേസ് പീരിയഡോ അവസാനിച്ച ശേഷം രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസവും 50 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. രാജ്യത്ത് താമസിക്കുന്ന വിദേശികളോടും വിനോദസഞ്ചാരികളോടും അതോറിറ്റിയുടെയോ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കണമെന്ന് ഡിജിറ്റല്‍ ഗവണ്‍മെന്റ് വ്യക്തമാക്കി