മനാമ: കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദുൽ ഉലമ പ്രസിഡൻ്റും ദീർഘ കാലം പ്രവാസിയുമായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. ധിഷണാശാലിയായ പണ്ഡിതന്‍, ഉജ്വലനായ വാഗ്മി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ആറ് പതിറ്റാണ്ടിലധികം വൈജ്ഞാനിക, ധൈഷണിക, ഗവേഷണ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.ശാന്തപുരം ഇസ് ലാമിയ കോളേജ്, മധുര കാമരാജ് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനാലു വർഷത്തോളം ഖത്തറിലും സൗദിയിലും ജോലി ചെയ്യുമ്പോഴും സാമൂഹിക സാംസ്കാരിക മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം ബഹ്റൈൻ സന്ദർശിക്കുകയും ബഹു മത സംവാദ സദസ്സ് അടക്കമുള്ള പല പരിപാടികളിലും സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അബ്ബാസ് എം. സ്വാഗതമാശംസിച്ചു.വൈസ് പ്രസിഡൻ്റുമാരായ സുബൈർ എം.എം, ജമാൽ ഇരിങ്ങൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഖാലിദ് സി, ജാസിർ പി.പി, യൂത്ത് ഇന്ത്യ പ്രസിഡൻ്റ് അനീസ് വി. കെ തുടങ്ങിയവർ സംസാരിച്ചു.