മനാമ :രണ്ട് വർഷമായി ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി. 2022-2026 കാലയളവിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലാണ് വളർച്ച ബഹ്റൈൻ കൈവരിച്ചു. സാമ്പത്തികത വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായ 2022-2026 ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഉന്നമനം ചർച്ച ചെയ്യുന്നതിനായി എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഇന്ന് നടന്ന യോഗത്തിൽ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവും യോഗത്തിൽ പങ്കെടുത്തു കൂടാതെ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) ചെയർമാൻ സമീർ നാസർ, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. നാസർ ഖാഇദി എന്നിവർ യോഗത്തിൽ പങ്കെടുത്തു.എല്ലാ സർക്കാർ ഏജൻസികളുമായും സ്വകാര്യ മേഖലയുടെ പ്രതിനിധികളുമായും ടൂറിസം മേഖലയിലെ സ്ഥാപനങ്ങളുമായും സഹകരിച്ച് ടൂറിസം ശക്തിപ്പെടുത്താനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി . തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിലും രാജ്യത്തിന്റെ ജി.ഡി.പി വർധിപ്പിക്കുന്നതിലും ടൂറിസം മേഖലയുടെ സംഭാവന നിർണായകമാണ്. മറൈൻ, സ്പോർട്സ് ടൂറിസം വികസിപ്പിക്കുക, ബീച്ചുകൾ നവീകരിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, കൂടുതൽ സാംസ്കാരിക, വിനോദ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയിലൂടെ അന്തർദേശീയ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം വർധിപ്പിക്കും.
ഹോസ്പിറ്റാലിറ്റി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളിലും പദ്ധതികളിലും പരിപാടികളിലും ടൂറിസം മന്ത്രാലയത്തിനും ബി.ടി.ഇ.എക്കും ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു പറഞ്ഞു .