മനാമ: ബഹ്റൈനിൽ ഉച്ചവിശ്രമനിയമംപിൻവലിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിയമം പിൻവലിച്ചത്. 99.92 ശതമാനം സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം പാലിച്ചതായി തൊഴിൽമന്ത്രി ജമീൽ മുഹമ്മദ് ബിൻ അലി ഹുമൈദാൻ വ്യക്തമാക്കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്.ഉച്ച 12 മുതൽ നാലുവരെയാണ് ഉച്ചവിശ്രമ നിയമം ഏർപ്പെടുത്തിയിരുന്നത്.നിയമം പ്രാബല്യത്തിലുണ്ടായിരുന്ന കാലയളവിൽ തൊഴിലുടമകളുടെ 16 ലംഘനങ്ങളും തൊഴിലാളികളുടെ 31 നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതിനും നിയമംമൂലം കഴിഞ്ഞിട്ടുണ്ട് . ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാനും ഇതിലൂടെ സാധിച്ചു. 2013ൽ ആണ് ഉച്ചവിശ്രമനിയമം നടപ്പാക്കാൻ തുടങ്ങിയത്.നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധന ഏർപ്പെടുത്തിയിരുന്നു. 21,723 സന്ദർശനങ്ങളാണ് തൊഴിലിടങ്ങളിൽ നടത്തിയത്.നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.