ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി അധികൃതർ അറിയിച്ചു. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു. ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്.രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.