ബഹ്‌റൈൻ പ്രതിഭ സ:ചടയൻ ഗോവിന്ദൻ അനുസ്മരണം നടത്തി.

മനാമ : സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 25ആം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട്‌ സ:അഡ്വ. ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. തികഞ്ഞ പോരാളിയും അന്യാദൃശമായ സംഘടനാ പാടവവും ഉണ്ടായിരുന്ന സ: ചടയൻ ഗോവിന്ദൻ എല്ലാ വ്യതിയാനങ്ങൾക്കും എതിരെ നിന്ന് കൊണ്ട് സംഘടനയെ കാർക്കശ്യത്തോടെ മുന്നോട്ട് നയിച്ച നേതാവായിരുന്നു എന്ന് പ്രതിഭ ജോ:സെക്രട്ടറി സ:ഷംജിത് കോട്ടപ്പള്ളി അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ഒരു താല്പര്യത്തിനും മുൻതൂക്കം കൊടുക്കാതിരുന്ന സഖാവ് കാൻസർ ബാധിച്ച് അതി കഠിനമായ വേദനയിലൂടെ തന്റെ അവസാന കാലത്തിലൂടെ കടന്ന് പോകുമ്പോഴും പാർട്ടിയെ കുറിച്ച് മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു എന്ന് സദസ്സിനെ പരിചയപ്പെടുത്തി.2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയിക്കാനായി ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലൂടെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആകെ തന്നെ അട്ടിമറിച്ച് തങ്ങളുടെ വരുതിയിലാക്കാനുമുള്ള ഗൂഢ ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി. ജെ .പി സർക്കാർ. രാജ്യത്തെ ജനാധിപത്യത്തെ റദ്ദ് ചെയ്യുന്ന ഇത്തരം പരിപാടികളെ ചെറുത്ത് തോല്പിക്കാൻ ജനത മുന്നിട്ടിറങ്ങണമെന്നും, മുൻ സർക്കാറുകളുടെ ജന വിരുദ്ധ നടപടികൾക്കെതിരെ വിജയകരമായി പാർട്ടിയെ നയിച്ച സഖാവ് ചടയൻ ഗോവിന്ദന്റെ ദീപ്ത സ്മരണകൾ നമുക്ക് വഴി കാട്ടിയാകണമെന്നും രക്ഷാധികാരി സമിതി അംഗം സ:ഷെരീഫ് കോഴിക്കോട് രാഷ്ട്രീയ വിശദീകരണത്തിലൂടെ സൂചിപ്പിച്ചു.പ്രതിഭ മുഖ്യ രക്ഷാധികാരി സ :പി. ശ്രീജിത്ത്‌ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു..